ജയറാം - വിജയ് സേതുപതി ചിത്രം 'മാര്‍ക്കോണി മത്തായി' തെലുങ്കിലേക്ക്
കൊച്ചി: മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിച്ച ‘മാര്‍ക്കോണി മത്തായി’ തെലുങ്കിലേക്ക്. ജയറാം നായകനായ ചിത്രം റേഡിയോ മാധവ് എന്ന പേരിലാണ് തെലുങ്കിലേക്ക് മൊഴിമാറ്റി എത്തുന്നത്.
റേഡിയോയെ സ്‌നേഹിച്ച മത്തായിയായി ജയറാം എത്തിയപ്പോള്‍ വിജയ് സേതുപതി തന്റെ പേരില്‍ തന്നെയാണ് സിനിമയില്‍ അഭിനയിച്ചത്. ഗണ്ടേപുഡി സീനുവാണ് ചിത്രം തെലുങ്കിലെത്തിക്കുന്നത്. തിരക്കഥയും ഗാനരചനയും ഒരുക്കുന്നത് ഭാഗ്യശ്രീയാണ്.
സനില്‍ കളത്തില്‍ സംവിധാനം നിര്‍വഹിച്ച സിനിമയില്‍ തെന്നിന്ത്യന്‍ നടി ആത്മീയയാണ് നായിക. മലയാളം തിരക്കഥയും സംഭാഷണവും സനില്‍ കളത്തിലും രജീഷ് മിഥിലയും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ എഴുതിയിരിക്കുന്നത്.
സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കടന്നുവന്ന ചിത്രം കൂടിയായിരുന്നു മാര്‍ക്കോണി മത്തായി. സത്യത്തിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എം.ജിയാണ് സിനിമ നിര്‍മിക്കുന്നത്. ഛായാഗ്രഹണം സാജന്‍ കളത്തിലാണ്.
സിദ്ധാര്‍ത്ഥ് ശിവ, അജു വര്‍ഗീസ്, സുധീര്‍ കരമന, ഹരീഷ് കണാരന്‍, കലാഭവന്‍ പ്രജോദ്, ജോയ് മാത്യു, ടിനി ടോം, നരേന്‍, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മി പ്രിയ, ശോഭ സിംഗ്, അനാര്‍ക്കലി തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.