വിജയരാഘവനെ നായകനാക്കി ഗണേശ് രാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് പൂക്കാലം. ചിത്രത്തില്‍ ഇട്ടൂപ്പ് എന്ന വയോധികന്റെ വേഷത്തിലാണ് വിജയരാഘവനെത്തുന്നത്. ആ കഥാപാത്രമാകുന്നതിന് വേണ്ടി താന്‍ നടത്തിയ തയാറെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവന്‍.
മറ്റൊരു സിനിമക്ക് വേണ്ടിയും ശാരീരികമായി ഇത്രയും കഠിനാധ്വാനം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കഥാപാത്രം അങ്ങനെയാവണം ഇങ്ങനെയാവണം എന്ന നിര്‍ദേശമൊന്നും തനിക്കാരും നല്‍കിയിട്ടില്ലെന്നും കഥാപാത്രത്തെ ഒരു നടനിലേക്ക് എടുത്ത് വെക്കാന്‍ കഴിയില്ലെന്നും വിജയരാഘവന്‍ റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘മറ്റൊരു സിനിമക്ക് വേണ്ടിയും ശാരീരികമായി ഇത്തരത്തിലൊരു അധ്വാനം ഞാനെടുത്തിട്ടില്ല. പക്ഷെ ലീല എന്ന സിനിമയിലെ പിള്ളേച്ചന്‍ എന്ന കഥാപാത്രത്തിന് വേണ്ടി ഞാന്‍ താടിയൊക്കെ വളര്‍ത്തിയിരുന്നു. ശരിക്കും എന്റെ മുഴുവന്‍ നരയാണ്. സിനിമക്ക് വേണ്ടി ഡൈയൊന്നും ചെയ്യാതെ വരെയിരുന്നു.
അങ്ങനെ ആ സിനിമക്ക് വേണ്ടി താടിയൊന്നും വടിക്കാതെ രോമം മുഖത്ത് വരെ വരുന്ന അവസ്ഥ വന്നിരുന്നു. എന്ന് പറഞ്ഞതുപോലെ ഇട്ടൂപ്പായി മാറുന്നതിന് വേണ്ടിയും അതൊക്കെ ചെയ്തിരുന്നു. എന്റെ താടിയൊന്നും വടിക്കാതെ മൂക്കിലെ രോമം വരെ നിര്‍ത്തിയിരുന്നു. അതുപോലെ തന്നെ നഖം വളര്‍ത്തി. ശരിക്കും അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.
കാരണം നമുക്ക് അത് ശീലമില്ലാത്തതുകൊണ്ട് കുളിക്കാന്‍ വേണ്ടി സോപ്പെടുക്കാന്‍ പോലും പറ്റില്ലായിരുന്നു. ഇതൊന്നും സംവിധായകന്മാര്‍ പറഞ്ഞിട്ട് ചെയ്ത കാര്യമൊന്നുമല്ലായിരുന്നു. ഒരു കഥാപാത്രത്തെ രൂപപ്പെടുത്തിയെടുക്കാന്‍ വേണ്ടി ഇതുപോലെ ചെയ്യണം അതുപോലെ ചെയ്യണം എന്നുള്ള നിര്‍ദേശങ്ങളൊന്നും എനിക്ക് കിട്ടിയിട്ടില്ല.
അങ്ങനെ പറഞ്ഞിട്ടൊന്നും നമുക്ക് ചെയ്യാനും പറ്റില്ല. സംവിധായകന്‍ നമ്മളോട് ആ കഥാപാത്രത്തെ കുറിച്ച് പറയും. അല്ലാതെ കഥാപാത്രത്തെ നമ്മളിലേക്ക് എടുത്ത് വെക്കാനൊന്നും പറ്റില്ലല്ലോ. അത് നമ്മള്‍ തന്നെ സൃഷ്ടിക്കുന്നതല്ലേ,’ വിജയരാഘവന്‍ പറഞ്ഞു.
content highlight: vijayaragavan about his new movie