ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആഘോഷമാണ് ബ്രഹ്മാസ്ത്ര, എല്ലാവരും ആ പോസിറ്റിവിറ്റി അനുഭവിക്കും: അയാന്‍ മുഖര്‍ജി
Film News
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആഘോഷമാണ് ബ്രഹ്മാസ്ത്ര, എല്ലാവരും ആ പോസിറ്റിവിറ്റി അനുഭവിക്കും: അയാന്‍ മുഖര്‍ജി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th September 2022, 10:58 am

അടുത്തിടെ മധ്യപ്രദേശിലെ മഹാകാലേശ്വര്‍ ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും ബജ്‌രഗ് ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞത് വാര്‍ത്താ ശ്രദ്ധ നേടിയിരുന്നു. 11 വര്‍ഷം മുമ്പ് നടന്ന ഒരു അഭിമുഖത്തിനിടയിലുള്ള രണ്‍ബീറിന്റെ ബീഫ് പ്രേമത്തെ പറ്റിയുള്ള പരാമര്‍ശങ്ങളാണ് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ താരങ്ങള്‍ക്കെതിരെ തിരിയാന്‍ കാരണമായത്. ഇരുവരുടെയും പുതിയ ചിത്രമായ ബ്രഹ്മാസ്ത്ര റിലീസിന് ഒരുങ്ങുന്നതിനിടയിലാണ് രണ്‍ബീറും ആലിയയും ക്ഷേത്രത്തിലെത്തിയത്.

സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രഹ്മാസ്ത്രയുടെ സംവിധായകന്‍ അയാന്‍ മുഖര്‍ജി. തങ്ങളുടെ ചിത്രം മുഴുവനും പോസിറ്റീവ് എനര്‍ജി ആണെന്നും അത് ജനങ്ങളെ സ്പര്‍ശിക്കുമെന്നും അയാന്‍ പറഞ്ഞു. രണ്‍ബീറിനും ആലിയയ്ക്കും ക്ഷേത്രം സന്ദര്‍ശിക്കാന്‍ അതിയായ ആഗ്രഹം ഉണ്ടായിരുന്നെന്നും എന്നാല്‍ പ്രതിഷേധം മൂലം അവര്‍ക്ക് അതിന് സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അവിടെ എത്തിയപ്പോള്‍ നടന്ന സംഭവങ്ങള്‍ അറിഞ്ഞതിന് ശേഷം ഒറ്റക്ക് ക്ഷേത്രത്തിലേക്ക് പോകാമെന്ന് ഞാന്‍ തീരുമാനിച്ചു. ആലിയയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ അവരെ അങ്ങോട്ടേക്ക് കൊണ്ടുപോകേണ്ടെന്ന് കരുതി. അവര്‍ക്കും ക്ഷേത്രദര്‍ശനത്തിന് വരാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നെനിക്ക് തോന്നി.

എല്ലാവരും പോസിറ്റിവിറ്റി പരത്തണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. കാരണം നമുക്കും ഈ ലോകത്തിനും അതാണ് ആവശ്യം. ഈ സിനിമക്ക് വേണ്ടി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആഘോഷമാണ് ബ്രഹ്മാസ്ത്ര. എല്ലാവര്‍ക്കും ആ പോസിറ്റിവിറ്റി അനുഭവിക്കാനാവും,’ അയാന്‍ മുഖര്‍ജി പറഞ്ഞു.

സെപ്റ്റംബര്‍ ഒമ്പതിനാണ് ബ്രഹ്മാസ്ത്ര റിലീസ് ചെയ്യുന്നത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയി, ഷാരൂഖ് ഖാന്‍ എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിലെത്തുന്നത്. മൂന്ന് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ഒന്നാം ഭാഗമായ ബ്രഹ്മാസ്ത്ര: പാര്‍ട്ട് വണ്‍ ശിവയാണ് റിലീസിനെത്തുന്നത്.

Content Highlight: Ayan mukharji said that their film brahmastra is all about positive energy and it will touch people