| Friday, 19th July 2024, 6:05 pm

2023 ലോകകപ്പില്‍ എനിക്ക് പകരം അശ്വിന്‍ വന്നു, പക്ഷെ ദൈവത്തിന് രണ്ട് പ്ലാന്‍ ഉണ്ടായിരുന്നു: അക്‌സര്‍ പട്ടേല്‍

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ ഐതിഹാസികമായ വിജയമാണ് സ്വന്തമാക്കിയത്. 2027ല്‍ എം.എസ്. ധോണി കിരീടമുയര്‍ത്തിയതിന് ശേഷം 17 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ വീണ്ടും കിരീടത്തില്‍ മുത്തമിട്ടത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേല്‍ നടത്തിയത്. ബാറ്റിങ് തകര്‍ച്ചയില്‍ 31 പന്തില്‍ 4 സിക്സര്‍ അടക്കം 47 റണ്‍സായിരുന്നു താരം നേടിയത്. എന്നാല്‍ ബൗളിങ്ങില്‍ നാല് ഓവറില്‍ 49 റണ്‍സാണ് താരം വഴങ്ങിയത്. ഇപ്പോള്‍ 2023 ഏകദിന ലോകകപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് അക്‌സര്‍ പട്ടേല്‍.

അന്ന് താരം ടീമില്‍ ഇടം നേടിയിരുന്നെങ്കിലും പരിക്ക് മൂലം പുറത്താകേണ്ടി വന്നിരുന്നു. അക്‌സറിന് പകരം ആര്‍. അശ്വിനായിരുന്നു ടീമില്‍ ഇടം നേടിയത്. എന്നാല്‍ ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ 2024 ടി-20 ലോകകപ്പില്‍ ഫൈനല്‍ വിജയിച്ച ടീമിന്റെ ഭാഗമാവാന്‍ സാധിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് പട്ടേല്‍. ക്രിക്ബസിനോടാണ് താരം സംസാരിച്ചത്.

‘2023 ലോകകപ്പിന് മുമ്പ് എനിക്ക് പരിക്കേറ്റ് സ്‌ക്വാഡില്‍ നിന്ന് പുറത്തായി. ആര്‍. അശ്വിന്‍ എന്റെ സ്ഥാനം ഏറ്റെടുത്തു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസില്‍ ലോകകപ്പ് നേടിയതിന് ശേഷം എന്റെ കാര്യത്തില്‍ ദൈവത്തിന് വ്യത്യസ്തമായ പ്ലാന്‍ ഉണ്ടായിരുന്നെന്ന് ഞാന്‍ മനസിലാക്കി. ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമാകണമെന്ന് ദൈവം തീരുമാനിച്ചതാണ്,’ അക്‌സര്‍ പട്ടേല്‍ പറഞ്ഞു.

ലോക ക്രിക്കറ്റില്‍ ഇന്ത്യ തങ്ങളുടെ വിജയക്കുതിപ്പ് തുടരുകയാണ്. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.

Content Highlight: Axar Patel Talking About T20 World Cup

We use cookies to give you the best possible experience. Learn more