ലോകകപ്പില്‍ ആവേശകരമായ സൂപ്പര്‍ 8പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ വിജയക്കുതിപ്പ് നടത്തുന്നത്. സൂപ്പര്‍ 8ല്‍ നടന്ന ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 47 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്.
എന്നിരുന്നാലും സീസണില്‍ വമ്പന്‍ ടീമുകളെ പരാജയപ്പെടുത്തി സൂപ്പര്‍ എട്ടില്‍ എത്തിയ അഫ്ഗാനിസ്ഥാനെ പ്രശംസിച്ച രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ ബൗളര്‍ അക്‌സര്‍ പട്ടേല്‍. ഭാവിയില്‍ അഫ്ഗാനിസ്ഥാന്‍ മെച്ചപ്പെടുമെന്നും പുതിയ ഉയരങ്ങള്‍ കീഴടക്കും എന്നും പട്ടേല്‍ പ്രസ്താവിച്ചു.
‘അവര്‍ പ്രവചനാതീതമായ ടീം അല്ല, ലോകമെമ്പാടുമുള്ള ടി ട്വന്റി ലീഗുകള്‍ കളിക്കുന്ന പരിചയസമ്പന്നരായ കളിക്കാര്‍ അവര്‍ക്ക് ഉണ്ട്. അത് മറ്റുള്ളവര്‍ക്കും ഭീഷണിയാണ്. അവരുടെ സ്‌ക്വാഡിന് മുന്നില്‍ കൃത്യ പുലര്‍ത്തേണ്ടതുണ്ട്. അഫ്ഗാനിസ്ഥാന്‍ ശക്തമായ ടീമാണ് അതുകൊണ്ടാണ് അവര്‍ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. മികച്ച ടീമുകളെയാണ് അവര്‍ പരാജയപ്പെടുത്തിയത്.
കാലത്തിന് അനുസരിച്ച് അവര്‍ മെച്ചപ്പെടുന്നുണ്ട്. അതിനായി അവര്‍ നിരന്തരം കഠിനാധ്വാനം ചെയ്യുന്നു. ഐപിഎല്ലില്‍ റാഷിദ് ഖാനെ പോലെയുള്ള കളിക്കാരുമായി ഇനിയും മെച്ചപ്പെടാനുള്ള ചര്‍ച്ചകള്‍ ഞങ്ങള്‍ നടത്താറുണ്ട്. അവര്‍ക്ക് ഒരു മികച്ച ബൗളിങ് ആക്രമണം ഉണ്ട്. മാത്രമല്ല ബാറ്റിങ്ങില്‍ അവര്‍ ദിവസംതോറും മെച്ചപ്പെടുന്നുണ്ട്,’അക്‌സര്‍ പട്ടേല്‍ പറഞ്ഞു.
സൂപ്പര്‍ 8ല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയാണ് രോഹിത് ശര്‍മയും സംഘവും ഇറങ്ങുന്നത്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്സന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
നിലവില്‍ സൂപ്പര്‍ 8ലെ എ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആദ്യ സ്ഥാനത്ത് ഓസ്ടട്രേലിയ ഒരു മത്സരം വിജയിച്ച് +2.471 എന്ന നെറ്റ് റണ്‍ റേറ്റിലാണ്. ഇന്ത്യയ്ക്ക് +2.350 പോയിന്റാണ് ഉള്ളത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ടീമിന് കഴിയും.
Content Highlight: Axar Patel Talking About Afghanistan Team