ടീം ഡിക്ലയര്‍ ചെയ്യണമെന്ന് രോഹിത്; കോഹ്‌ലി ഡബിള്‍ സെഞ്ച്വറിയടിച്ചിട്ട് മതിയെന്ന് ദ്രാവിഡ്
Sports News
ടീം ഡിക്ലയര്‍ ചെയ്യണമെന്ന് രോഹിത്; കോഹ്‌ലി ഡബിള്‍ സെഞ്ച്വറിയടിച്ചിട്ട് മതിയെന്ന് ദ്രാവിഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th March 2023, 8:42 pm

മൂന്ന് വര്‍ഷത്തെയും 41 ഇന്നിങ്‌സിന്റെയും കാത്തിരിപ്പിനൊടുവിലാണ് അഹമ്മദാബാദില്‍ കോഹ്‌ലി തന്റെ കരിയറിലെ 75ാമത്തെ സെഞ്ച്വറി നേടിയത്. ഇത് വരെ കേട്ട വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും കൊടുത്ത മറുപടി കൂടിയായിരുന്നു താരത്തിന്റെ സെഞ്ച്വറി.

ഇതോടെ തന്റെ ടെസ്റ്റ് കരിയറിലെ ആകെ സെഞ്ച്വറിയുടെ എണ്ണം 28ലേക്കെത്തിക്കാനും താരത്തിനായി. ബാറ്റിങ്ങിനെ തുണച്ച മൊട്ടേരയിലെ പിച്ചില്‍ കരുതലോടെയാണ് കോഹ്‌ലി തുടങ്ങിയത്. മൂന്നക്കം കടക്കാനായി 241 പന്താണ് താരത്തിന് വേണ്ടി വന്നത്.

ആറാം വിക്കറ്റില്‍ കോഹ്‌ലിയും അക്‌സര്‍ പട്ടേലും ചേര്‍ന്ന് 162 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. 79 ലെത്തിയ അക്‌സറിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ വാലറ്റത്തെ കൂട്ടുപിടിച്ച് റണ്‍സ് കയറ്റാനായി പിന്നീട് കോഹ്‌ലിയുടെ ശ്രമം.

വ്യക്തിഗത സ്‌കോര്‍ 184 എത്തി നില്‍ക്കെ ടോഡ് മര്‍ഫിയുടെ ബോളില്‍ ഔട്ടായാണ് വിരാട് പവലിയനിലേക്ക് കയറുന്നത്. ഈ സമയം ടീം സ്‌കോര്‍ 571ലെത്തിച്ച ഇന്ത്യ 91 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും നേടിയിരുന്നു.

എന്നാല്‍ നാലാം ദിനം വിരാട് കോഹ്‌ലി മാരക ഫോമില്‍ ബാറ്റ് വീശി കൊണ്ടിരിക്കെ ടീം ഡിക്ലയര്‍ ചെയ്യാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തീരുമാനിച്ചെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ താരം അക്‌സര്‍ പട്ടേല്‍. പിന്നീട് ദ്രാവിഡിന്റെ ഇടപെടല്‍ കൊണ്ടാണ് തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ രോഹിത് തയ്യാാറായതെന്നും അക്‌സര്‍ പറഞ്ഞു.

നാലാം ദിനം രോഹിത് ശര്‍മ ടീം ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചതാണ്. പക്ഷെ കോഹ്‌ലി 150 കടന്നെന്നും അവന്‍ ഡബിള്‍ സെഞ്ച്വറിയടിക്കട്ടെ എന്ന് ടീം കോച്ച് ദ്രാവിഡ് പറയുകയായിരുന്നു. ഉടനെ രോഹിത് തീരുമാനം മാറ്റി. കോഹ്‌ലിക്ക് പക്ഷെ ഡബിളടിക്കാനുള്ള ഭാഗ്യമുണ്ടായില്ല. അദ്ദേഹം ഔട്ടായി. എന്നാലും മികച്ച പ്രകടനം തന്നെയാണ് വിരാട് കാഴ്ച്ച വെച്ചത്,’ അക്‌സര്‍ പട്ടേല്‍ പറഞ്ഞു.

2019 നവംബര്‍ 22ന് കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു വിരാടിന്റെ അവസാന ടെസ്റ്റ് സെഞ്ച്വറി. അന്ന് 136 റണ്‍സടിച്ചശേഷം കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 79 റണ്‍സടിച്ചതായിരുന്നു പിന്നീട് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍.

അതിനിടെ 91 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. 18 പന്തുകള്‍ നേരിട്ട മാത്യൂ കൂനേമാനും മൂന്ന് റണ്‍സെടുത്ത ട്രാവിസ ഹെഡുമാണ് ക്രീസിലുള്ളത്.

Content Highlight: Axar patel says Rohith sharma try to declare indian innings while kohli batting