ഐ.പി.എല്‍ 2023ലെ 16ാം മത്സരത്തില്‍ ഡേവിഡ് വാര്‍ണറിന്റെ ദല്‍ഹി ക്യാപ്പിറ്റല്‍സ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനെ നേരിടുകയാണ്. ദല്‍ഹിയുടെ ഹോം സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും തുടര്‍ന്നങ്ങോട്ട് സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. പൃഥ്വി ഷായുടെ വിക്കറ്റാണ് ദല്‍ഹിക്ക് ആദ്യം നഷ്ടമായത്. പത്ത് പന്തില്‍ നിന്നും 15 റണ്‍സ് നേടി നില്‍ക്കവെയാണ് ഷാ പുറത്താകുന്നത്.
പിന്നാലെയെത്തിയ മനീഷ് പാണ്ഡേ 18 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ 26 റണ്‍സ് നേടി പുറത്തായി. ഇന്ത്യയെ അണ്ടര്‍ 19 കിരീടം ചൂടിച്ച യാഷ് ദുള്‍ നിരാശനാക്കി. പാണ്ഡേക്ക് പകരം ക്രീസിലെത്തിയ ധുള്‍ നാല് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടി പുറത്തായി. പിന്നാലെയെത്തിയ റോവ്മന്‍ പവലിനും ലളിത് യാദവിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി.
ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് സെന്‍സിബിള്‍ ഇന്നിങ്‌സ് കളിച്ച് വിക്കറ്റ് സംരക്ഷിച്ചുകൊണ്ട് റണ്‍സ് ഉയര്‍ത്തുന്ന ഡേവിഡ് വാര്‍ണറായിരുന്നു കാഴ്ച.
എന്നാല്‍ ഏഴാമനായി അക്‌സര്‍ പട്ടേല്‍ കളത്തിലിറങ്ങിയതോടെ കളിയുടെ ഗതി മാറി. വമ്പനടികളുമായി അക്‌സര്‍ പട്ടേല്‍ കളം നിറഞ്ഞാടിയപ്പോള്‍ ക്യാപ്പിറ്റല്‍സ് സ്‌കോര്‍ ഉയര്‍ന്നു. 25 പന്തില്‍ നിന്നും അഞ്ച് സിക്‌സറിന്റെയും നാല് ബൗണ്ടറിയുടെയും അകമ്പടിയോടെ അക്‌സര്‍ 55 റണ്‍സ് നേടി.
43 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച വാര്‍ണര്‍ 47 പന്തില്‍ നിന്നും 51 റണ്‍സാണ് നേടിയത്.
മത്സരത്തിന്റെ 19ാം ഓവറിലായിരുന്നു ഇരുവരും പുറത്തായത്. സൂപ്പര്‍ താരം ജേസണ്‍ ബെഹ്രന്‍ഡോര്‍ഫാണ് വിക്കറ്റ് വേട്ടക്കാരന്‍. 19ാം ഓവറിലെ ആദ്യ പന്തില്‍ അക്‌സര്‍ പട്ടേലിനെ അര്‍ഷദ് ഖാന്റെ കൈകളിലെത്തിച്ച ബെഹ്രന്‍ഡോര്‍ഫ് ഓവറിലെ മൂന്നാം പന്തില്‍ ഡേവിഡ് വാര്‍ണറിനെയും പുറത്താക്കി.
തൊട്ടടുത്ത പന്തില്‍ കുല്‍ദീപ് യാദവ് റണ്‍ ഔട്ടായി. ഓവറിലെ അവസാന പന്തില്‍ അഭിഷേക് പോറലിനെയും പവലിയനിലേക്ക് തിരിച്ചയച്ചു.
ഒടുവില്‍ 19.4 ഓവറില്‍ 172 റണ്‍സിന് ക്യാപ്പിറ്റല്‍സ് ഓള്‍ ഔട്ടായി.
മുംബൈക്കായി ജേസണ്‍ ബെഹ്രന്‍ഡോര്‍ഫും പീയൂഷ് ചൗളയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ റിലി മെറഡിത് രണ്ടും ഹൃതിക് ഷോകീന്‍ ഒരു വിക്കറ്റും വീഴ്ത്തി.
Content Highlight: Axar Patel’s brilliant innings in Delhi Capitals vs Mumbai Indians match