| Friday, 1st December 2023, 11:08 pm

സെലക്ടര്‍മാരുടെ മുഖത്തടിച്ച പോലെ; ചരിത്രത്തിലെ മൂന്നാമന്‍, വല്ലാത്ത ഒരു ഏറ് തന്നെ...

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടി-20യില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനവുമായി സൂപ്പര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍. ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ബൗളിങ്ങില്‍ ഇടിമിന്നലായാണ് അക്‌സര്‍ തരംഗമായത്.

മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ അക്‌സര്‍ വെറും 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യന്‍ നിരയില്‍ തരംഗമായത്. ഓസീസ് ബാറ്റിങ് നിരയിലെ പ്രധാനികളെയാണ് അക്‌സര്‍ മടക്കിയത്.

ഓപ്പണര്‍ ട്രാവിസ് ഹെഡ്, ബെന്‍ മക്ഡര്‍മോട്ട്, ആരോണ്‍ ഹാര്‍ഡി എന്നിവരെയാണ് അക്‌സര്‍ പുറത്താക്കിയത്.

ഈ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡും അക്‌സറിനെ തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച മൂന്നാമത് ബൗളിങ് പ്രകടനം എന്ന നേട്ടമാണ് അക്‌സര്‍ സ്വന്തമാക്കിയത്.

മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും അക്‌സര്‍ പട്ടേല്‍ തന്നെയായിരുന്നു.

ടി-20 ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ മികച്ച ബൗളിങ്

(താരം – ബൗളിങ് പ്രകടനം – വര്‍ഷം എന്നീ ക്രമത്തില്‍)

ആര്‍. അശ്വിന്‍ – 4/11 – 2014

ക്രുണാല്‍ പാണ്ഡ്യ – 4/36- 2018

അക്‌സര്‍ പട്ടേല്‍ – 3/16 – 2023

ജസ്പ്രീത് ബുംറ – 3/16 2019

അക്‌സര്‍ പട്ടേല്‍ – 3/17 2023

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയില്‍ നിന്നും തന്നെ തഴഞ്ഞ സെലക്ടര്‍ക്ക് മൈതാനത്ത് വെച്ച് മറുപടി നല്‍കാനും അക്‌സറിനായി.

അതേസമയം, മത്സരത്തില്‍ ഇന്ത്യ 20 റണ്‍സിന് വിജയിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-1ന് മുമ്പിലെത്താനും സീരീസ് സ്വന്തമാക്കാനും ഇന്ത്യക്കായി.

മത്സരത്തില്‍ അക്‌സറിന് പുറമെ ദീപക് ചഹര്‍ രണ്ടും രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഡിസംബര്‍ മൂന്നിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. എം. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

Content highlight: Axar Patel’s brilliant bowling performance against Australia

Latest Stories

We use cookies to give you the best possible experience. Learn more