200 വിക്കറ്റ്, ലോകകപ്പില്‍ മിക്കവാറും ജഡേജ ബെഞ്ചില്‍ ഇരിക്കേണ്ടി വരും; കുട്ടി ക്രിക്കറ്റിലെ അക്‌സര്‍ പവര്‍
Sports News
200 വിക്കറ്റ്, ലോകകപ്പില്‍ മിക്കവാറും ജഡേജ ബെഞ്ചില്‍ ഇരിക്കേണ്ടി വരും; കുട്ടി ക്രിക്കറ്റിലെ അക്‌സര്‍ പവര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th January 2024, 9:44 pm

 

ഇന്ത്യ – അഫ്ഗാനിസ്ഥാന്‍ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും തന്റെ മികവ് ആവര്‍ത്തിച്ച് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍. നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് അക്‌സര്‍ ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ തിളങ്ങിയത്.

ഒമ്പതാം ഓവറിലെ രണ്ടാം പന്തില്‍ അഫ്ഗാന്‍ നായകന്‍ ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാനെ ക്ലീന്‍ ബൗള്‍ഡാക്കിയായിരുന്നു അക്‌സറിന്റെ തുടക്കം. പത്ത് പന്തില്‍ എട്ട് റണ്‍സ് നേടി നില്‍ക്കവെയാണ് സദ്രാന്‍ പുറത്തായത്.

അഫ്ഗാനിസ്ഥാനെ മുമ്പില്‍ നിന്നും നയിച്ച ഗുലാബ്ദീന്‍ നായിബിന്റെ വിക്കറ്റാണ് അക്‌സര്‍ ശേഷം സ്വന്തമാക്കിയത്. അഫ്ഗാനെ ഒറ്റക്ക് തോളിലേറ്റി മികച്ച സ്‌കോറിലേക്ക് കുതിക്കവെ നായിബിനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചാണ് അക്‌സര്‍ മടക്കിയത്.  കരിയറിലെ 200ാം T20 വിക്കറ്റാണ് അക്‌സര്‍ ഇതോടെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ കുറിച്ചത്.

4.25 എന്ന എക്കോണമിയിലാണ് അക്‌സര്‍ ഇന്‍ഡോറില്‍ പന്തെറിഞ്ഞത്.

മൊഹാലിയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിലും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി രണ്ട് അഫ്ഗാന്‍ താരങ്ങളെയാണ് അക്‌സര്‍ പവലിയനിലേക്ക് മടക്കി അയച്ചത്.

ടി-20യില്‍ റണ്‍ വഴങ്ങാന്‍ മടി കാണിക്കുന്ന അക്‌സറിന്റെ സമീപകാല പ്രകടനങ്ങള്‍ ഇന്ത്യന്‍ ആരാധകരെ ആവേശം കൊള്ളിക്കാന്‍ പോന്നത് തന്നെയാണ്.

അക്‌സറിന്റെ അവസാന ആറ് ടി-20കളിലെ ബൗളിങ് പ്രകടനം

4-0-17-2 vs അഫ്ഗാനിസ്ഥാന്‍

4-0-23-2 vs അഫ്ഗാനിസ്ഥാന്‍

4-0-14-1 vs ഓസ്‌ട്രേലിയ

4-0-16-3 vs ഓസ്‌ട്രേലിയ

4-0-37-1 vs ഓസ്‌ട്രേലിയ

4-0-25-1 vs ഓസ്‌ട്രേലിയ

ഈ വര്‍ഷം ടി-20 ലോകകപ്പ് നടക്കാനിരിക്കെ അക്‌സര്‍ പട്ടേല്‍ സെലക്ടര്‍മാര്‍ക്ക് മുമ്പില്‍ വീണ്ടും സ്വയം പയറ്റി തെളിയുകയാണ്. ഇതേ ഫോം തുടരുകയാണെങ്കില്‍ ലോകകപ്പ് സ്‌ക്വാഡിലെ സ്പിന്‍ ഓള്‍ റൗണ്ടര്‍ എന്ന സ്ഥാനത്തേക്ക് ജഡേജയെ മറികടന്നുകൊണ്ട് അക്‌സര്‍ പട്ടേല്‍ എത്തിയാലും ഒട്ടും തന്നെ അത്ഭുതപ്പെടാനുണ്ടാകില്ല.

 

 

Content highlight: Axar Patel’s brilliant bowling performance against Afghanistan