ഇന്ത്യ-ശ്രീലങ്ക മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 43 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. പല്ലേക്കലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ശ്രീലങ്കയ്ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 19.2 ഓവറില്‍ 170 റണ്‍സിന് പുറത്താവുകയായിരുന്നു.
ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ചുകൊണ്ട് ഇന്ത്യന്‍ സ്പിന്നര്‍ ആക്‌സര്‍ പട്ടേല്‍ സംസാരിച്ചു. സൂര്യകുമാര്‍ യാദവ് ബൗളര്‍മാരുടെ ക്യാപ്റ്റന്‍ ആണെന്നാണ് അക്‌സര്‍ പറഞ്ഞത്. മത്സര ശേഷമുള്ള പത്രസമ്മേളനത്തില്‍ ആയിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ സൂര്യ ഭായി ക്യാപ്റ്റനായപ്പോള്‍ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ കളിച്ചിട്ടുണ്ട്. അദ്ദേഹം ബൗളര്‍മാരുടെ ക്യാപ്റ്റന്‍ ആണെന്ന് എനിക്കറിയാം. ബൗള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയാല്‍ അദ്ദേഹം ഞങ്ങളുടെ അടുത്തുവന്ന് ഇത് നല്ല ബോള്‍ ആണെന്നാണ് പറയും. അദ്ദേഹം കളിക്കളത്തില്‍ ഞങ്ങള്‍ക്ക് നല്ല ഇന്‍പുട്ടുകള്‍ നല്‍കാറുണ്ട്. ഒരു കളിക്കാരന്‍ എന്ന നിലയില്‍ അവനുമായി എനിക്ക് നല്ല ബന്ധമാണുള്ളത്,’ അക്‌സര്‍ പട്ടേല്‍ പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ കളിച്ച അനുഭവത്തെക്കുറിച്ചും അക്‌സര്‍ പട്ടേല്‍ പറഞ്ഞു.
‘ ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള കഴിഞ്ഞ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഞാനും അദ്ദേഹത്തോടൊപ്പം കളിച്ചിട്ടുണ്ട്. ഇന്നും സൂര്യയുടെ കീഴില്‍ കളിക്കുമ്പോള്‍ എനിക്ക് വലിയ മാറ്റങ്ങള്‍ ഒന്നും തോന്നിയിട്ടില്ല. ബൗള്‍ ചെയ്യുന്ന സമയങ്ങളില്‍ എങ്ങനെ ഒരു വിക്കറ്റ് നേടാം എന്നതിനെക്കുറിച്ച് അദ്ദേഹം എന്നോട് പറയുമായിരുന്നു. ബോള്‍ ചെയ്യുമ്പോള്‍ സിക്‌സോ ഫോറോ വഴങ്ങിയാലും കുഴപ്പമില്ല എന്നാണ് അദ്ദേഹം പറയുക. ഒരു ബൗളര്‍ എന്ന നിലയില്‍ ക്യാപ്റ്റന്‍ നിങ്ങളെ നന്നായി പിന്തുണയ്ക്കുകയാണെങ്കില്‍ കളിക്കളത്തില്‍ വലിയ ആത്മവിശ്വാസം ലഭിക്കും,’ അക്‌സര്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ജയത്തോടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും സൂര്യകുമാറിനും സംഘത്തിനും സാധിച്ചു. പരമ്പരയിലെ രണ്ടാം മത്സരം ഇന്നാണ് നടക്കുന്നത്. പല്ലേക്കലിലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.