ജഡേജയുടെ മാത്രം സാമ്രാജ്യത്തിലും കൈവെച്ച് അക്‌സര്‍; 200 വിക്കറ്റില്‍ ഇരട്ട നേട്ടം
Sports News
ജഡേജയുടെ മാത്രം സാമ്രാജ്യത്തിലും കൈവെച്ച് അക്‌സര്‍; 200 വിക്കറ്റില്‍ ഇരട്ട നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th January 2024, 3:59 pm

അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് അക്‌സര്‍ സ്വന്തമാക്കിയത്.

ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന്‍, സ്റ്റാര്‍ ബാറ്റര്‍ ഗുലാബ്ദീന്‍ നായിബ് എന്നിവാരെയാണ് അക്‌സര്‍ പുറത്താക്കിയത്. സദ്രാനെ ക്ലീന്‍ ബൗള്‍ഡാക്കി മടക്കിയപ്പോള്‍ നായിഹിനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചാണ് അക്‌സര്‍ മടക്കിയത്.

ഈ വിക്കറ്റ് നേട്ടങ്ങള്‍ക്ക് പിന്നാലെ ഒരു മികച്ച നേട്ടവും അക്‌സറിനെ തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റിലെ 200ാം വിക്കറ്റ് എന്ന നേട്ടമാണ് അക്‌സര്‍ സ്വന്തമാക്കിയത്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുമാണ് അക്‌സര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യക്കായി 52 ഇന്നിങ്‌സില്‍ നിന്നും 49 വിക്കറ്റുകളാണ് അക്‌സര്‍ സ്വന്തമാക്കിയത്. ടി-20ഐ വിക്കറ്റ് വേട്ടക്കാരില്‍ ഇന്ത്യയുടെ ഒമ്പതാം സ്ഥാനക്കാരനും അക്‌സറാണ്.

ഐ.പി.എല്ലിലാണ് അക്‌സര്‍ ബാക്കിയുള്ള 151 വിക്കറ്റുകളും സ്വന്തമാക്കിയത്. ദല്‍ഹി ക്യാപ്പിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമുകള്‍ക്കായാണ് അക്‌സര്‍ പന്തെറിഞ്ഞത്.

230 ഇന്നിങ്‌സില്‍ 27.95 ശരാശരിയിലും 6.97 എക്കോണണിയിലുമാണ് അക്‌സര്‍ 200 വിക്കറ്റ് സ്വന്തമാക്കിയത്. ടി-20യില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന 76ാം താരവും 11ാം ഇന്ത്യന്‍ താരവുമാണ് അക്‌സര്‍.

യൂസ്വേന്ദ്ര ചഹല്‍ (336), പീയൂഷ് ചൗള (302), ആര്‍. അശ്വിന്‍ (301), ഭുവനേശ്വര്‍ കുമാര്‍ (288), അമിത് മിശ്ര (284), ജസ്പ്രീത് ബുംറ (260), ഹര്‍ഭജന്‍ സിങ് (235),ജയ്‌ദേവ് ഉനദ്കട് (218), രവീന്ദ്ര ജഡേജ (216), ഹര്‍ഷല്‍ പട്ടേല്‍ (209) എന്നിവരാണ് ടി-20യില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കിയ മറ്റ് താരങ്ങള്‍.

ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും അക്‌സര്‍ സ്വന്തമാക്കി. ടി-20യില്‍ 200 വിക്കറ്റുകളും 2000+ റണ്‍സും സ്വന്തമാക്കുന്ന ചരിത്രത്തിലെ രണ്ടാമത് ബാറ്റര്‍ എന്ന നേട്ടമാണ് അക്‌സര്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. രവീന്ദ്ര ജഡേജ മാത്രാണ് ഇതിന് മുമ്പ് ഈ നേട്ടം കൈപ്പിടിയിലൊതുക്കിയ താരം.

ടി-20 ലോകകപ്പ് നടക്കാനിരിക്കെ അക്‌സറിന്റെ മികച്ച ഫോം ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ്.

അക്സറിന്റെ അവസാന ആറ് ടി-20കളിലെ ബൗളിങ് പ്രകടനം

4-0-17-2 vs അഫ്ഗാനിസ്ഥാന്‍

4-0-23-2 vs അഫ്ഗാനിസ്ഥാന്‍

4-0-14-1 vs ഓസ്ട്രേലിയ

4-0-16-3 vs ഓസ്ട്രേലിയ

4-0-37-1 vs ഓസ്ട്രേലിയ

4-0-25-1 vs ഓസ്ട്രേലിയ

 

ഈ വര്‍ഷം ടി-20 ലോകകപ്പ് നടക്കാനിരിക്കെ അക്സര്‍ പട്ടേല്‍ സെലക്ടര്‍മാര്‍ക്ക് മുമ്പില്‍ വീണ്ടും സ്വയം പയറ്റി തെളിയുകയാണ്. ഇതേ ഫോം തുടരുകയാണെങ്കില്‍ ലോകകപ്പ് സ്‌ക്വാഡിലെ സ്പിന്‍ ഓള്‍ റൗണ്ടര്‍ എന്ന സ്ഥാനത്തേക്ക് ജഡേജയെ മറികടന്നുകൊണ്ട് അക്സര്‍ പട്ടേല്‍ എത്തിയാലും ഒട്ടും തന്നെ അത്ഭുതപ്പെടാനുണ്ടാകില്ല.

 

Content Highlight: Axar Patel joins an elite list with Ravindra Jadeja