| Monday, 26th September 2022, 8:32 am

ലോകകപ്പ് സ്‌ക്വാഡില്‍ അവനെ ഉള്‍പ്പെടുത്തിയതിന് നന്ദി; ജഡേജ പുറത്തായതില്‍ ഇത്രത്തോളം സന്തോഷിക്കുന്ന നിമിഷം വേറെയുണ്ടാകില്ല

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവാന്‍ പോകുന്നത് ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ ആകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പരിക്കേറ്റതുകൊണ്ടുമാത്രം സ്‌ക്വാഡില്‍ ഉള്‍പ്പെട്ട അക്‌സര്‍ പട്ടേലിനെയാണ് ഇന്ത്യക്ക് നിലവില്‍ ഏറ്റവുമധികം വിശ്വസിക്കാന്‍ പറ്റുന്നത്.

കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യ – ഓസ്‌ട്രേലിയ ടി-20 പരമ്പര മാത്രം പരിശോധിച്ചാല്‍ അക്‌സറിന്റെ ക്ലാസ് മനസിലാവും. പരിചയ സമ്പന്നരായ ഇന്ത്യന്‍ ബൗളര്‍മാര്‍ ഒന്നൊഴിയാതെ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയെ താങ്ങിനിര്‍ത്തിയത് അക്‌സറാണ്.

പരമ്പരിലെ ആദ്യ മത്സരം മുതല്‍ തന്നെ അക്‌സര്‍ തന്റെ മാജിക് പുറത്തെടുത്തുകൊണ്ടേയിരുന്നു.

ഇന്ത്യ പരാജയപ്പെട്ട ആദ്യ മത്സരത്തില്‍ പത്തിന് താഴെ എക്കോണമിയുള്ളത് അക്‌സറിന് മാത്രമായിരുന്നു. വെറ്ററന്‍ ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, ഓള്‍ റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യ. ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെല്ലാം മങ്ങിയ മത്സരത്തില്‍ അക്‌സര്‍ മാത്രമായിരുന്നു തിളങ്ങിയത്.

13.00, 13.50, 12.60, 12.25, 11.00 എന്ന എക്കോണമിയില്‍ ഇന്ത്യയുടെ പേരുകേട്ട ബൗളിങ് നിര റണ്‍സ് വഴങ്ങിയപ്പോള്‍ അക്‌സര്‍ വഴങ്ങിയത് 4.25 മാത്രമായിരുന്നു ആദ്യ മത്സരത്തില്‍ അക്‌സറിന്റെ എക്കോണമി. നാല് ഓവര്‍ എറിഞ്ഞ് 17 റണ്‍സിന് മൂന്ന് വിക്കറ്റാണ് അക്‌സര്‍ പിഴുതെറിഞ്ഞത്.

രണ്ടാം മത്സരത്തിലേക്ക് വന്നപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തിയ മത്സരത്തില്‍ പത്തിന് താഴെ എക്കോണമിയുള്ളത് അക്‌സറിന് മാത്രം. രണ്ട് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് പട്ടേല്‍ സ്വന്തമാക്കിയത്.

ഹര്‍ദിക് പാണ്ഡ്യ – 10, ജസ്പ്രീത് ബുംറ – 11.50, ചഹല്‍ – 12, ഹര്‍ഷല്‍ പട്ടേല്‍ – 16 എന്നിങ്ങനെയുള്ള എക്കോണമിയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍സ് വഴങ്ങിയ മത്സരത്തില്‍ അക്‌സറിന്റെ എക്കോണമി 6.50 മാത്രമായിരുന്നു.

മൂന്നാം ടി-20യിലും ഇന്ത്യയുടെ രക്ഷകന്‍ അക്‌സര്‍ തന്നെയായിരുന്നു. നാല് ഓവറില്‍ 33 റണ്‍സിന് മൂന്ന് വിക്കറ്റാണ് അക്‌സര്‍ പട്ടേല്‍ സ്വന്തമാക്കിയത്. പരമ്പരയില്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ പതറാതെ പന്തെറിഞ്ഞത് അക്‌സര്‍ മാത്രമാണെന്ന് വ്യക്തം.

മൂന്ന് മത്സരത്തില്‍ നിന്നും പത്ത് ഓവര്‍ പന്തെറിഞ്ഞ അക്‌സര്‍ വിട്ടുനല്‍കിയത് കേവലം 63 റണ്‍സ് മാത്രമാണ്. എട്ട് വിക്കറ്റും അക്‌സര്‍ തന്റെ പേരിലാക്കി.

ഇന്ത്യന്‍ ബൗളര്‍മാര്‍ ഒന്നൊഴിയാതെ പരാജയപ്പെട്ട പരമ്പരയില്‍ അക്‌സര്‍ പട്ടേലിന്റെ അപരാജിത പ്രകടനമാണ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തതെന്ന് നിസ്സംശയം പറയാം. ഈ പ്രകടനം തന്നെയാണ് അക്‌സറിനെ പരമ്പരയുടെ താരമായി മാറ്റിയതും.

വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഏയ്‌സ് അക്‌സര്‍ തന്നെയാകുമെന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content highlight: Axar patel is the only bowler excelled in India – Australia T20 series

We use cookies to give you the best possible experience. Learn more