ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ക്ലോസ് എന്‍ക്കൗണ്ടര്‍ മത്സരത്തില്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
312 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് അക്സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ എന്നിവരുടെ അപരാജിത ഇന്നിങ്സാണ്് തുണയായത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ച് പരമ്പര നേടാനും ഇന്ത്യക്ക് സാധിച്ചു.
അക്സര്‍ പട്ടേല്‍ എന്ന സ്റ്റാര്‍ ഓള്‍ റൗണ്ടറിന്റെ പ്രകടനമായിരുന്നു ഇന്ത്യ വിന്‍ഡീസ് മത്സരത്തിലെ ഹൈലൈറ്റ്. ബാറ്റിങ്ങിലും ബൗളിങ്ങിലും തന്റെ മാന്ത്രികത തെളിയിച്ച അക്സര്‍ തന്നെയായിരുന്നു കളിയിലെ താരവും.
ഏഴാമനായാണ് അക്‌സര്‍ ക്രീസിലെത്തിയത്. ഇന്ത്യയുടെ സ്‌കോര്‍ അഞ്ച് വിക്കറ്റിന് 205ല്‍ നില്‍ക്കവെയായിരുന്നു അക്‌സര്‍ ബാറ്റിങ്ങിനിറങ്ങിയത്. 11 ഓവറില്‍ 107 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് കണ്ടത് അക്സറിന്റെ കടന്നാക്രമണമായിരുന്നു.
35 പന്തില്‍ നിന്നും 64 റണ്‍സാണ് പട്ടേല്‍ സ്വന്തമാക്കിയത്. മൂന്ന് ബൗണ്ടറിയും അഞ്ച് സിക്‌സറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അവസാന ഓവറില്‍ സിക്സറടിച്ചുകൊണ്ടാണ് അക്സര്‍ മത്സരം ഫിനിഷ് ചെയ്തത്.
അവസാന പത്ത് ഓവറിനിടെ 60 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒരു ഏകദിന ചെയിസില്‍ അവസാന പത്തോവറില്‍ ഏറ്റവും കൂടുതല്‍ അടിച്ച റണ്‍സും ഇതാണ്. 2002ല്‍ സിംബാബ്‌വേക്കെതിരെ യുവരാജ് സിങ് നേടിയ 55 റണ്‍സാണ് അക്‌സര്‍ മറികടന്നത്. 2016ല്‍ ന്യൂസിലാന്‍ഡിനെതിരെ വിരാട് കോഹ്‌ലിയും 55 റണ്‍സ് നേടിയിരുന്നു.
എം.എസ് ധോണിയുടെ ഒരു റെക്കോഡും ഈ ഇന്നിങ്‌സില്‍ അക്‌സര്‍ തകര്‍ത്തിരുന്നു. റണ്‍ ചെയ്സിനിടെ ഏഴാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഏറ്റവുമധികം സിക്സര്‍ നേടുന്ന താരം എന്ന ധോണിയുടെ റെക്കോഡാണ് പട്ടേല്‍ തിരുത്തിക്കുറിച്ചത്.
2005ല്‍ സിംബാബ്വേക്കെതിരായ മത്സരത്തില്‍ ധോണി നേടിയ മൂന്ന് സിക്സറുകളായിരുന്നു ഇത്രയം നാളത്തെ റെക്കോഡ്. ഓള്‍ റൗണ്ടര്‍ യൂസുഫ് പത്താന്‍ രണ്ട് തവണ ഈ റെക്കോഡിനൊപ്പമെത്തിയിരുന്നെങ്കിലും മറികടക്കാനായില്ല. 2011ലായിരുന്നു പത്താന്റെ നേട്ടം. ദക്ഷിണാഫ്രിക്കക്കെതിരെയും അയര്‍ലന്‍ഡിനെതിരെയുമായിരുന്നു ഏഴാം നമ്പറില്‍ ഇറങ്ങി പത്താന്‍ മൂന്ന് സിക്സര്‍ പറത്തിയത്.
ജൂലൈ 29നാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം. പരമ്പര വൈറ്റ്വാഷ് ചെയ്യാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ മുഖം രക്ഷിക്കാനാവും വിന്‍ഡീസ് ഇറങ്ങുന്നത്. ഓവല്‍ തന്നെയാണ് വേദി.