ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഇന്ത്യന്‍ ഭരണഘടനയ്ക്കെതിരായ ആക്രമണമാണ് പൗരത്വ ഭേദഗതി ബില്‍ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അതിനെ പിന്തുണയ്ക്കുന്നത് ആരായാലും അവര്‍ നമ്മുടെ രാജ്യത്തിന്റെ അടിത്തറയെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുകയാണെന്നും രാഹുല്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ശിവസേന പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ശിവസേന അവരുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയതിന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച് ശിവസേന വോട്ട് ചെയ്തത്.
പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കം മുസ്‌ലീങ്ങള്‍ക്കും ഇടയില്‍ ഒരു അദൃശ്യ വിഭജനത്തിന് ഇടയാക്കുമെന്നായിരുന്നു സാമ്‌ന എഡിറ്റോറിയലില്‍ കുറിച്ചത്. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടായിരുന്നു ശിവസേന ലോക്‌സഭയില്‍ നിലപാടെടുത്തത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്തെത്തി. അങ്ങേയറ്റം ഇടുങ്ങിയ ചിന്താഗതിയിലൂടെ ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കിക്കൊണ്ടുള്ള ബില്ലാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ ലോക്‌സഭയില്‍ സര്‍ക്കാര്‍ പാസ്സാക്കിയെടുത്തതെന്ന് പ്രിയങ്ക പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നമ്മുടെ പൂര്‍വ്വികര്‍ നമ്മുടെ സ്വാതന്ത്ര്യത്തിനായി അവരുടെ ജീവരക്തം നല്‍കി. ആ സ്വാതന്ത്ര്യത്തിലൂടെ സമത്വത്തിനുള്ള അവകാശവും മതസ്വാതന്ത്ര്യത്തിനുള്ള അവകാശവുമായിരുന്നു അവര്‍ നമുക്ക് നല്‍കിയത്.
നമ്മുടെ ഭരണഘടനയും നമ്മുടെ പൗരത്വവും ശക്തവും ഏകീകൃതവുമായ ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ സ്വപ്‌നങ്ങളും എല്ലാവരുടേതുമാണ്.
നമ്മുടെ ഭരണഘടനയെ ആസൂത്രിതമായി നശിപ്പിക്കുന്നതിനും നമ്മുടെ രാജ്യം പോരാട്ടങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത അടിസ്ഥാനപരമായ ആശയം ഇല്ലാതാക്കുന്നതിനുമുള്ള ഈ സര്‍ക്കാരിന്റെ അജണ്ടയ്ക്കെതിരെ നമ്മള്‍ പോരാടിയേ തീരൂവെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ