ന്യൂദല്‍ഹി: മധ്യവര്‍ഗത്തില്‍ നിന്നുള്ളയാളായതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങളുടെ പ്രയാസങ്ങള്‍ അറിയാമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.
മോദി സര്‍ക്കാര്‍ പുതിയ നികുതികള്‍ ഒന്നും മധ്യവര്‍ഗത്തിലുള്ള ജനങ്ങള്‍ക്ക് മേല്‍ ചുമത്തിയിട്ടില്ലെന്നും നിരവധി സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
മധ്യവര്‍ഗത്തിലുള്ള ജനങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് മാറുകയാണെന്നും, ഇനിയുമേറെ കാര്യങ്ങള്‍ അവര്‍ക്കായി ചെയ്യാനാകുമെന്നും ധനമന്ത്രി പറഞ്ഞു.
‘ഞാന്‍ ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നുള്ളയാളാണ്. അതുകൊണ്ടുതന്നെ അവരുടെ പ്രയാസങ്ങളും സമ്മര്‍ദങ്ങളും അറിയാം. മിഡില്‍ ക്ലാസിന് മുകളില്‍ ഒരു നികുതിയും ഞങ്ങള്‍ പുതിയതായി ചുമത്തിയിട്ടില്ല.അഞ്ച് ലക്ഷം വരെ നികുതിയിളവ് നല്‍കി.
27 നഗരങ്ങളില്‍ മെട്രോ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇത് മിഡില്‍ ക്ലാസിന് വേണ്ടിയാണ്. മിഡില്‍ ക്ലാസ് ജനങ്ങള്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് മാറുകയാണ്. 100 സ്മാര്‍ട്ട് സിറ്റികള്‍ക്ക് ഫണ്ട് അനുവദിച്ചിരിക്കുകയാണ്.
എല്ലാ മിഡില്‍ ക്ലാസ് ജനങ്ങളുടെയും കീശയില്‍ പണം ഇട്ടുനല്‍കിയിട്ടില്ല. എന്നാല്‍, സ്മാര്‍ട്ട് സിറ്റി, മെട്രോ ട്രെയിന്‍, കുടിവെള്ള വിതരണം തുടങ്ങിയവയില്‍ നിന്നെല്ലാം നേട്ടമല്ലേ ഉണ്ടായത്. ഇനിയുമേറെ മിഡില്‍ ക്ലാസിനായി ചെയ്യാനാകും,’ സംഘ്പരിവാര്‍ പ്രസിദ്ധീകരണമായ പാഞ്ചജന്യക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.
ഇത്തവണത്തെ കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് മധ്യവര്‍ഗത്തിനെ തൃപ്തിപ്പെടുത്തുന്നതാവണമെന്ന നിര്‍ദേശവുമായി ആര്‍.എസ്.എസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ മധ്യവര്‍ഗത്തിന്റെ പ്രതീക്ഷകളും ആവശ്യങ്ങളും കണക്കിലെടുക്കുന്നതാവണമെന്നും ആര്‍.എസ്.എസ് നിര്‍ദേശിച്ചു. രാജ്യവ്യാപകമായി ജനങ്ങളില്‍ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിനോട് ആര്‍.എസ്.എസിന്റെ പുതിയ നിര്‍ദേശം.
വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ ഇടത്തരക്കാര്‍ക്കിടയില്‍ ഏറിവരുന്ന അതൃപ്തി മനസിലാക്കിയാണ് ആര്‍.എസ്.എസ് നേതൃത്വം അടുത്ത ബജറ്റിലും തുടര്‍ന്നും മധ്യവര്‍ഗത്തെ പരിഗണിക്കണമെന്ന ആശയം മുന്നോട്ട് വെച്ചത്.
ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്.
ഈ വര്‍ഷം രാജ്യത്ത് ഒമ്പത് നിയമസഭാ തെരഞ്ഞെടുപ്പുകളും അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും അതീവ നിര്‍ണായകമാണ് ഇത്തവണത്തെ ബജറ്റ്.
Content Highlight: Aware of middle class issues: Finance Minister Nirmala Sitharaman ahead of Budget