| Wednesday, 8th January 2025, 10:13 pm

അനില്‍ നമ്പ്യാര്‍ക്കും തിരുവനന്തപുരം പ്രസ്‌ക്ലബിനും അവാര്‍ഡ്; ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ പുരസ്‌കാരം നിരസിച്ച് പ്രമോദ് രാമന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പയനീർ ഇൻ മീഡിയ അവാർഡ് നിഷേധിച്ച് മീഡിയ വൺ എഡിറ്ററും അവതാരകനുമായ പ്രമോദ് രാമൻ. തനിക്കൊപ്പം തിരുവനന്തപുരം പ്രസ് ക്ലബിനും ഗസയിലെ വംശഹത്യയെ പിന്തുണക്കുന്ന ജേര്‍ണലിസം കൈകാര്യം ചെയ്യുന്നവര്‍ക്കും ഇതേ അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ജനം ടി.വി. എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കും ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്‌.

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയില്‍ നിന്നും അതിക്രമം നേരിട്ട വനിത മാധ്യമപ്രവര്‍ത്തക്കൊപ്പമാണ് താനെന്നും അദ്ദേഹത്തിന് ഈ സമയത്ത് അവാര്‍ഡ് നല്‍കുകയെന്നാല്‍ അതിക്രമം നേരിട്ട സ്ത്രീയോട് കാണിക്കുന്ന നീതി കേടാണെന്നും പ്രമോദ് രാമന്‍ പറഞ്ഞു

അവാര്‍ഡ് നിഷേധിക്കുന്നതിന്റെ കാരണങ്ങളായി രണ്ട് കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഒന്ന്, തിരുവനന്തപുരം പ്രസ്‌ക്ലബിന് അവാര്‍ഡ് നല്‍കിയതിലുള്ള പ്രതിഷേധവും, രണ്ട്, ഗസയിലെ വംശഹത്യയെ പിന്തുണക്കുകയും കടുത്ത മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്ന ജേര്‍ണലിസം കൈകാര്യം ചെയ്യുന്നവര്‍ക്കും മികവിന്റെ അടയാളമായി അവാര്‍ഡ് നല്‍കിയതിലുള്ള പ്രതിഷേധവുമാണ്. അവാര്‍ഡ് നിരസിക്കുന്നത് തന്റെ രാഷ്ട്രീയ നിലപാടാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

‘ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്ക എനിക്ക്‌ പ്രഖ്യാപിച്ച പയനീർ ഇൻ മീഡിയ അവാർഡ് സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് അവരെ അറിയിച്ചു. രണ്ട് കാരണങ്ങൾ.

ഒന്ന് തിരുവനന്തപുരം പ്രസ് ക്ലബിന് ഇപ്പോൾ ഒരവാർഡ് കൊടുക്കുക എന്നുവച്ചാൽ അതിന്റെ സെക്രട്ടറിയായി ഇരിക്കുന്ന വ്യക്തിയിൽ നിന്ന് അതിക്രമം നേരിട്ട വനിതയോടുള്ള നീതികേടാണ്. ഇക്കാര്യത്തിൽ എതിർശബ്ദം ഉയർത്തിയവർക്ക് ഒപ്പമാണ് ഞാൻ.

രണ്ട് അവാർഡ് എന്നാൽ മികവിനെ അംഗീകരിക്കുക എന്നതാണല്ലോ. എന്റെ കാഴ്ചപ്പാടിൽ മുസ്‌ലിം ന്യൂനപക്ഷത്തിന് എതിരെ നിരന്തരം വിഷം ചുരത്തുന്ന, ഗസയിലെ വംശഹത്യയെ പ്രകീർത്തിക്കുന്ന, രാജ്യത്തെ ഭരണകൂടത്തിന്റെയും അതിനെ നയിക്കുന്ന സംഘടനയുടെയും ഫാസിസ്റ്റ് നടപടികളെ ന്യായീകരിക്കുകയും വാഴ്ത്തിപ്പാടുകയും ചെയ്യുന്ന തരം ജേർണലിസത്തിനും ഇതേ അവാർഡ് നൽകി അതിനെ മികവായി അംഗീകരിക്കുന്നത് ഉൾക്കൊള്ളാൻ പ്രയാസമുണ്ട്.

ഇതെന്റെ രാഷ്ട്രീയ നിലപാടാണ്. സുഹൃത്തുക്കളിൽ ഒരുപാട് പേർ ഇക്കാര്യം തിരക്കിയതുകൊണ്ട് വിവരം ഇവിടെ അറിയിക്കുന്നു. നന്ദി,’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Content Highlight: Award to Anil Nambiar and Thiruvananthapuram Press Club; Pramod Raman rejects India Press Club North America award

We use cookies to give you the best possible experience. Learn more