|

ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാനനുവദിച്ചില്ല; കര്‍ണാടകയില്‍ വീണ്ടും ഹിജാബിന്റെ പേരില്‍ മാറ്റിനിര്‍ത്തല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബെംഗളൂരു: ഹിജാബ് ധരിച്ചതിന്റെ പേരില്‍ കര്‍ണാടകയില്‍ വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കി. വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കുന്ന വീഡിയോ അതിവേഗത്തിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ ഒരു പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ദുരനുഭവമുണ്ടായത്. വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പാളിനോട് ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കാനനുവദിക്കണമെന്ന് അപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം.

പരീക്ഷകള്‍ക്ക് ഇനി രണ്ട് മാസമേ ബാക്കിയുള്ളൂവെന്നും ഹിജാബ് ധരിക്കുന്നതില്‍ കോളേജ് എന്തിനാണ് ഇത്ര പ്രശ്നമുണ്ടാക്കുന്നതെന്നും വിദ്യാര്‍ഥികള്‍ കോളേജ് അധികൃതരോട് ചോദിക്കുന്നുണ്ട്.

കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുവാദമുണ്ടെങ്കിലും ക്ലാസ് മുറിക്കുള്ളില്‍ നിന്ന് അത് നീക്കം ചെയ്യണമെന്നായിരുന്നു കോളേജ് അധികൃതര്‍ പറഞ്ഞിരുന്നത്.

വിഷയത്തില്‍ ജില്ലാ ഭരണകൂടവുമായി ചര്‍ച്ച നടത്തുമെന്ന് ഉഡുപ്പി ജില്ലാ ചുമതലയുള്ള മന്ത്രി എസ്. അങ്കാര പറഞ്ഞു.

‘എല്ലാ കോളേജുകള്‍ക്കും പ്രത്യേകം ചട്ടങ്ങള്‍ തയ്യാറാക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാല്‍ അങ്ങനെ ചെയ്യേണ്ടി വന്നാല്‍ സര്‍ക്കാര്‍ അറിവോടെ മാത്രമേ തീരുമാനമെടുക്കൂ. പക്ഷേ എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട് അത് അറിയിക്കാന്‍ ബന്ധപ്പെട്ടവരുമായി ഒരു കൂടിക്കാഴ്ച വിളിച്ചിട്ടുണ്ട്,’ എസ്. അങ്കാര പറഞ്ഞു.

കുന്ദാപ്പൂര എം.എല്‍.എ ഹലാഡി ശ്രീനിവാസ് ഷെട്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ധരക്കുന്നതിന് ഏകീകൃത നിയമം നടപ്പിലാക്കണമെന്ന തീരുമാനത്തില്‍ കോളേജ് അഡ്മിനിസ്‌ട്രേഷന്‍ എത്തിയിട്ടുണ്ട്. എന്നാല്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കോളേജില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ചര്‍ച്ചയില്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ കര്‍ണാടകയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. ഉഡുപ്പിയിലെ പി.യു വിമന്‍സ് കോളേജില്‍ ഒരു മാസത്തിനിടെയാണ് ഹിജാബ് ധരിച്ച് ക്ലാസില്‍ ഇരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ സമരം ചെയ്തത്.

ക്ലാസ് മുറിക്കുള്ളില്‍ ഹിജാബ് ധരിക്കാനുള്ള അവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

അതേസമയം, യൂണിഫോമിനെ അവഗണിച്ച് ഹിജാബ് ധരിക്കണമെന്നാവശ്യപ്പെടുന്നത് തീവ്രവാദ മനോഭാവമുള്ളവരാണെന്നും അവരെ ഒരു ദയയും കൂടാതെ പുറത്താക്കണമെന്നും ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


Content Highlights: Avoiding Students in Karnataka on the basis of Hijab