വേനല്‍ചൂടില്‍ ഒഴിവാക്കാം ചില ഭക്ഷണങ്ങള്‍
Health
വേനല്‍ചൂടില്‍ ഒഴിവാക്കാം ചില ഭക്ഷണങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd March 2019, 11:09 pm

 

വേനല്‍ചൂടില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ പല കാര്യങ്ങള്‍ക്കൊപ്പം തന്നെ പ്രാധാന്യമുണ്ട് കഴിക്കുന്ന ഭക്ഷണത്തിനും. ചൂടുകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങള്‍ പഴങ്ങളും,പച്ചക്കറികളുമൊക്കെയാണ്. എന്നാല്‍ ഒഴിവാക്കേണ്ടവ ഏതാണെന്ന് നോക്കാം. ശരീരത്തിന്റെ താപനില വര്‍ധിപ്പിക്കുന്നതും,നിര്‍ജലീകരണത്തിന് ഇടയാക്കുന്നതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് വേനല്‍ക്കാല അസുഖങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സഹായിക്കും.

മസാലകളും,ചില മാംസങ്ങളും

ചൂടുകാലത്ത് ബീഫ് അടക്കമുള്ള ചുവന്ന മാംസങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ശരീരത്തിന്റെ ചൂട് വര്‍ധിപ്പിക്കും. ഇത്തരം മാംസങ്ങള്‍ ദഹനത്തിനും ബുദ്ധിമുട്ടുണ്ടാക്കും. എരിവും പുളിയും ഉപ്പും അധികം ഉപയോഗിക്കാതിരിക്കുന്നതാണ് വേനലില്‍ നല്ലത്. കാരണം ഇവ ശരീരത്തിന്റെ താപനില ഉയര്‍ത്തുകയും വയറിന് അസുഖങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

ഗോതമ്പ് റൊട്ടികള്‍
ഗോതമ്പ് പൊതുവേ ചൂടുള്ള ഭക്ഷണമാണ്. ഗോതമ്പ് ഉപയോഗിച്ചുള്ള ചപ്പാത്തി,നാന്‍,റൊട്ടി,പൊറാട്ട പോലുള്ളവ കഴിക്കുന്നത് കുറയ്ക്കുക. ദഹനസമയം ദീര്‍ഘവും ശരീരത്തിന്റെ ചൂട് വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ് ഇവ. ഇനി കുറഞ്ഞ അളവില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുകയാണെങ്കില്‍ നന്നായി വെള്ളം കുടിക്കാന്‍ മറക്കരുത്.

പൊരിച്ചതും,വറുത്തതും
എണ്ണയില്‍ പൊരിച്ചതോ,വറുത്തതോ ആയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക. ഇവ ചൂടുകാലത്ത് വയറിന് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.

ബര്‍ഗറും,പിസയും
വേനലില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണമാണ് ബര്‍ഗറും,പിസ്സയും. ഇവ ദഹനപ്രക്രിയ തകരാറിലാക്കും.

ഡ്രൈഫ്രൂട്ട്‌,ഐസ്‌ക്രീം
വേനലില്‍ എല്ലാവര്‍ക്കും ഏറെ പ്രിയമുള്ള ഭക്ഷണമാണ് ഐസ്‌ക്രീമുകള്‍. ഇവ തണുപ്പുള്ളതാണെങ്കിലും ശരീരത്തിന്റെ ചൂട് വര്‍ധിപ്പിക്കുന്നതാണ്. ഡ്രൈഫ്രൂട്‌സ് ആണെങ്കില്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുകയും താപനില വര്‍ധിപ്പിക്കുകയും ചെയ്യും.