ദിസ്പൂർ : വനിതാ ഡോക്ടർമാർ രാത്രികാലങ്ങളിൽ ഒറ്റക്ക് പുറത്തിറങ്ങരുതെന്ന അസമിലെ സിൽച്ചാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ അധികൃതരുടെ വിവാദ നിർദേശത്തിന് പിന്നാലെ വിമർശനങ്ങൾ ഉയരുന്നു.
രാത്രിയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലോ വെളിച്ചക്കുറവുള്ളിടങ്ങളിലോ ആളുകൾ കുറവുള്ള പ്രദേശങ്ങളിലോ അലഞ്ഞുതിരിയുന്നത് പരമാവധി കുറക്കണമെന്നായിരുന്നു വനിതാ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ആശുപത്രി അധികൃതർ നൽകിയ നിർദേശം.
കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളേജിൽ അടുത്തിടെയുണ്ടായ ദാരുണമായ സംഭവം കണക്കിലെടുത്താണ് ഉപദേശം നൽകിയതെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പൽ ഡോ. ഭാസ്കർ ഗുപ്ത പറഞ്ഞു.
‘വനിതാ ജീവനക്കാരും സ്റ്റാഫുകളും കഴിയുന്നത്ര ഒറ്റക്കാവുന്ന സന്ദർഭങ്ങൾ ഒഴിവാക്കണം. രാത്രി സമയങ്ങളിൽ ഹോസ്റ്റലിലോ മറ്റ് സ്ഥലങ്ങളിലോ ആവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. പുറത്തിറങ്ങേണ്ട ആവശ്യം വരുമ്പോൾ ബന്ധപ്പെട്ട അധികാരികളെ മുൻകൂട്ടി വിവരം അറിയിക്കുകയും വേണം.
എല്ലാവരും ഹോസ്റ്റൽ ബോഡറുകളിൽ ഇൻസ്റ്റിറ്റ്യൂട്ടും അഡ്മിനിസ്ട്രേഷനും സ്ഥാപിച്ചിട്ടുള്ള ഹോസ്റ്റൽ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കണം. പരിചയമില്ലാത്തതോ സംശയാസ്പദമായ സ്വഭാവമുള്ളതോ ആയി തോന്നുന്ന വ്യക്തികളുമായി സഹവസിക്കുന്നത് ഒഴിവാക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുക. അടിയന്തിര സാഹചര്യങ്ങളിൽ അടിയന്തിരമായി ബന്ധപ്പെടാൻ നിങ്ങൾക്ക് ഒരു മാർഗമുണ്ടെന്ന് ഇപ്പോഴും ഉറപ്പാക്കുക,’ ഡോ. ഗുപ്ത പറഞ്ഞു.
എന്നാൽ ഡോ. ഗുപ്തയുടെ ഉപദേശത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരിക്കുകയാണിപ്പോൾ. സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുപകരം സുരക്ഷയുടെ ഭാരം വനിതാ ജീവനക്കാരുടെ മേൽ ചുമത്തുന്നുവെന്ന് പലരും വിമർശിച്ചു.
ഉപദേശത്തെ അപലപിച്ചുകൊണ്ട് നിരവധി വനിതാ വിദ്യാർത്ഥികളും ജീവനക്കാരും മുന്നോട്ടെത്തിയിട്ടുണ്ട്. തങ്ങളെ ഉപദേശിക്കുന്നതിന് പകരം ക്യാമ്പസിലെ വെളിച്ചവും സുരക്ഷാ ക്രമീകരണങ്ങളും കൂടുതൽ മെച്ചപ്പെടുത്തൂ എന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് രാജ്യത്തുടനീളമുള്ള ഡോക്ടർമാരുടെ വൻ പ്രതിഷേധത്തിനിടയിലാണ് എസ്.എം.സി. ഹോസ്പിറ്റലിലെ അധികാരികളുടെ വിവാദ നിർദേശം.
കൊൽക്കത്തയിലെ സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളേജിൽ വനിതാ ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. കേസിൻ്റെ അന്വേഷണം നിലവിൽ സി.ബി.ഐ സംഘം ഏറ്റെടുത്തിരിക്കുകയാണ്.
ഗുരുതരമായി പരിക്കേറ്റ പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനി ഡോക്ടറെ കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിന് ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രാഥമിക പോസ്റ്റുമാർട്ടത്തിൽ യുവതി ബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. നിരവധി പേർ പ്രതിഷേധവുമായി മുന്നോട്ടെത്തിയിട്ടുണ്ട്.
Content Highlight: Avoid roaming alone on campus at night’, SMCH issues advisory to female doctors after Kolkata incident, faces backlash