| Saturday, 20th October 2012, 10:33 pm

എയര്‍ ഇന്ത്യ വിമാനവിവാദത്തില്‍ പൈലറ്റിനെ ന്യായീകരിച്ച് വ്യോമയാന മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിച്ച വിവാദത്തില്‍ പൈലറ്റിനെ ന്യായീകരിച്ച് വ്യോമയാന മന്ത്രി രംഗത്ത്. യാത്രക്കാര്‍ പൈലറ്റിനോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് വിമാനത്തില്‍ നാടകീയ രംഗങ്ങള്‍ ഉണ്ടായതെന്ന് അജിത് സിംഗ് പറഞ്ഞു. വിമാനത്തിന്റെ കോക്പിറ്റിലേക്ക് യാത്രക്കാര്‍ തള്ളിക്കയറാന്‍ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു.[]

വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയെ മാനിച്ച് ഡ്യൂട്ടി സമയം കഴിഞ്ഞാല്‍ പൈലറ്റിനെ വിമാനം പറത്താന്‍ അനുവദിക്കാറില്ല. സുരക്ഷ ഉറപ്പാക്കാനാണിതെന്നും അജിത് സിംഗ് വ്യക്തമാക്കി. യാത്രക്കാര്‍ ഏത് സാഹചര്യത്തിലായാലും പൈലറ്റിനോടും ജീവനക്കാരോടും അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട വിമാനമാണ് കാലാവസ്ഥ മോശമാണെന്ന് പറഞ്ഞ് തിരുവന്തപുരത്തേയ്ക്ക് തിരിച്ചത്. രാവിലെ ആറുമണിയോടെയാണ് വിമാനം തിരുവന്തപുരത്തെത്തിയത്. കാലാവസ്ഥ മെച്ചപ്പെട്ടുകഴിയുമ്പോള്‍ വിമാനം തിരികെ കൊച്ചിയിലേക്ക് തിരിക്കുമെന്നായിരുന്നു അധികൃതര്‍ യാത്രക്കാരോട് പറഞ്ഞിരുന്നു.

എന്നാല്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ അധികൃതര്‍ നിലപാട് മാറ്റിയെന്നും ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ഇറങ്ങിപ്പോയെന്നും യാത്രക്കാര്‍ സ്വന്തം ചെലവില്‍ കൊച്ചിയിലേക്ക് പോകണമെന്ന് വിമാന അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തതായും യാത്രക്കാര്‍ പറഞ്ഞു.

അബുദാബിയില്‍ നിന്നും ഇന്നലെ രാത്രി 9.55 ന് പുറപ്പെടേണ്ട വിമാനം മൂന്നു മണിക്കൂര്‍ വൈകിയാണ് യാത്രപുറപ്പെട്ടത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്നും സിഗ്‌നല്‍ ലഭിക്കാത്തതിനാലാണ് യാത്ര വൈകിയതെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.

പല വിമാനങ്ങളും നിരന്തരമായി സമയക്രമം പാലിക്കാത്തതും നിശ്ചിത സ്ഥാനത്ത് യാത്രാക്കാരെ എത്തിക്കാത്തതും ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെയ്ക്കാറുണ്ടായിരുന്നു. വെള്ളിയാഴ്ച സാധാരണയിലും കവിഞ്ഞ് സമയം വൈകിയതും ഭക്ഷണവും വെള്ളവും പോലും ലഭിക്കാതെ മണിക്കൂറുകളോളം വിമാനം പിടിച്ചിട്ടതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്.

പ്രതിഷേധം രൂക്ഷമായപ്പോള്‍ വിമാനത്തിന്റെ കോക്പിറ്റില്‍ യാത്രക്കാര്‍ കയറിയെന്നും പൈലറ്റിനെയും ജീവനക്കാരെയും തടഞ്ഞുവെച്ചെന്നും ആരോപിച്ച് പൈലറ്റ് എമര്‍ജന്‍സി പ്രഖ്യാപിക്കുകയും വിമാനം റാഞ്ചാന്‍ ശ്രമം നടക്കുന്നതായും എയര്‍ ട്രാഫിക് ടെര്‍മിനലിനെ  വിവരമറിയിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സി.ഐ.എസ്.എഫും പോലീസും വിമാനം വളഞ്ഞു. ഏത് യാത്രക്കാരാണ് പൈലറ്റിനെ തടഞ്ഞുവെച്ചതെന്ന് ചോദിച്ചപ്പോള്‍ ആളെ തിരിച്ചറിയാന്‍ കഴിയില്ലെന്നാണ് പൈലറ്റ് പ്രതികരിച്ചത്. അപ്പോള്‍ മാത്രമാണ് പൈലറ്റ് മറ്റൊന്നും ചിന്തിക്കാതെ തെറ്റായ സന്ദേശം എയര്‍ ട്രാഫിക് ടെര്‍മിനലിന് അയയ്ക്കുകയായിരുന്നെന്ന് പോലീസിന് മനസിലായത്.

യാത്രക്കാരുടെ പ്രതിഷേധം ഉണ്ടായതിനെയാണ് വിമാനം റാഞ്ചാന്‍ ശ്രമിക്കുന്നെന്ന രീതിയില്‍ പൈലറ്റ് സന്ദേശം അയച്ചത്. എന്നാല്‍ യാത്രക്കാര്‍ ആരും കോക്പിറ്റില്‍ കയറിയിട്ടില്ലെന്നും പുതിയ പൈലറ്റ് വന്നാല്‍ നിലവിലുള്ള പൈലറ്റിന് പോകാമെന്ന് മാത്രമാണ് പറഞ്ഞതെന്നും യാത്രക്കാര്‍ അറിയിച്ചു. വിമാനത്തില്‍ കയറിയ പോലീസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരില്‍ ചിലരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more