| Monday, 25th July 2011, 5:03 pm

അവിയല്‍ സിനിമയില്‍ വിളമ്പുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിയേറ്റര്‍ / റെനീഷ് മാത്യൂ കണ്ണൂര്‍


അയ്യപ്പന്‍ കുയ്യപ്പന്‍ ആനക്കള്ളന്‍…
ചെറുപ്പത്തി ചെറുപ്പത്തി ചേനക്കള്ളന്‍…,

ഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയുടെ ക്ലൈമാക്‌സിലെ ഒരു പാട്ടാണിത്. ശ്രദ്ധിച്ചു കേട്ടാല്‍ പ്രേക്ഷകര്‍ക്ക് മനസിലാകും ഇത് ഒരു നാടന്‍ മലയാളം പാട്ടാണല്ലോയെന്ന്. പാടുന്നവരുടെ കോലം കണ്ടാല്‍ ഒന്നു കൂടി തോന്നും ഇവന്‍മാരെങ്ങനെ മലയാളം പാടുന്നുവെന്ന്. ഇവരാണ് അവിയല്‍ സംഘം. ഇവര്‍ മൂളിയതാകട്ടെ അവിയല്‍പാട്ടും.

സദ്യയില്‍ മാത്രമല്ല മലയാളികള്‍ക്ക് അവിയല്‍ പ്രീയം, സംഗീതത്തിലും അവിയല്‍ കടന്നു വരികയാണ്. നാടന്‍പാട്ടു മുതലുള്ള മലയാളം പാട്ടുകളെ അവിയല്‍ രൂപത്തിലാക്കി പാടുകയാണ് ഈ നാല്‍വര്‍ സംഘം.തിരുവനന്തപുരത്തുകാരായ ടോണി ജോണ്‍, റെക്‌സ് വിജയന്‍, ബിന്നി ഐസ്‌ക്, കണ്ണൂരുകാരനായ മിഥുന്‍ പുത്തന്‍വീട്ടില്‍ എന്നിവരാണ് ഈ അവിയല്‍ പാട്ടിന് പിന്നില്‍.


സംഗീതം തന്നെയാണ് ഈ നാല്‍വര്‍ സംഘത്തെ ഒന്നിപ്പിച്ചത്. ഒരു റോക്ക് ബാന്‍ഡ് സംഘം രൂപീകരിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. നാലുപേരും വ്യത്യസ്ത ബാന്‍ഡ് ട്രൂപ്പില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. സംഗീതത്തെ അവിയല്‍ പരുവത്തിലാക്കി അവതരിപ്പിക്കാനായിരുന്നു ഇവരുടെ താല്‍പര്യം. അങ്ങനെ 2003ലാണ് അവിയല്‍ എന്ന ട്രൂപ്പിന് രൂപം നല്കിയത്.

ഒരു സുപ്രഭാതത്തില്‍ തോന്നിയ പേരായിരുന്നു ബാന്‍ഡിന് അവിയല്‍ എന്ന പേരിടാനെന്ന് ടോണി ജോണ്‍ പറഞ്ഞു. പല തരത്തിലുള്ള പച്ചക്കറികള്‍ മികസ് ചെയ്യുന്നതാണ് അവിയല്‍. അതു പോലെ തന്നെയാണ് ഞങ്ങളുടെ സംഗീതവും, പല തരത്തിലുള്ള മ്യൂസിക് മിക്‌സ് ചെയ്തതാണ് ഞങ്ങളുടെ ബാന്‍ഡ്. ആല്‍ബത്തിലെ ചില പാട്ടുകള്‍ മലയാളത്തിലെ ചില നാടന്‍ പാട്ടുകള്‍ മിക്‌സ് ചെയ്തതാണന്നും ടോണി കൂട്ടിചേര്‍ത്തു. മലയാളത്തിന്റെ നാടന്‍ പാട്ടുകള്‍ അവിയല്‍ സംഘത്തിലൂടെ വിദേശരാജ്യങ്ങളിലും എത്തപ്പെട്ടു കഴിഞ്ഞു.

പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടിയോടെ മലയാളത്തിലായിരുന്നു അവിയല്‍ ഗാനങ്ങള്‍ ഇറക്കിയത്. നാടന്‍ പാട്ടുകാരന്‍ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതിയ നട.. നട എന്ന ഗാനമാണ് ആദ്യം റോക്കിലേക്ക് മാറ്റി ചുവടു വച്ചത്. ഈ ഗാനത്തിന് വന്‍ പ്രചാരണമാണ് അവിയല്‍ ട്രൂപ്പിന് ലഭിച്ചത്. തുടര്‍ന്ന് ഇതിന്റെ വീഡിയോ ആല്‍ബം ഇറക്കി. എസ് എസ് മ്യൂസികായിരുന്നു ആല്‍ബം ഇറക്കിയത്. യു ട്യൂബിലൂടെ ഗാനം ഹിറ്റായി മാറുകയായിരുന്നു. തുടര്‍ന്ന് നാലു വര്‍ഷങ്ങള്‍ വേണ്ടി വന്നു പുതിയ ആല്‍ബത്തിന്.

2008ലാണ് ഇത് റിലീസ് ചെയ്തത്. ഇന്ത്യയിലെ വന്‍കിട കമ്പനികളിലൊന്നായ ഫാറ്റ് ഫിഷ് കമ്പനിയാണ് ഈ ആല്‍ബം ഇറക്കിയത്. ഇറക്കിയ ആല്‍ബത്തിന്റെ കാസറ്റുകള്‍ വ്യാപകമായി വിറ്റഴിഞ്ഞു. 2008-2009ലെ ജാക്ക് ഡാനിയേല്‍ റോക്ക് അവാര്‍ഡ്‌സില്‍ ആറ് അവാര്‍ഡാണ് അവിയലിന് കിട്ടിയത്. ഇന്ത്യന്‍ റെക്കാര്‍ഡിംഗ് ആര്‍ട്‌സ് അക്കാദമിയുടെ പുരസ്‌കാരമാണ് ഏറ്റവും അവസാനമായി ലഭിച്ചത്. 54 രാജ്യങ്ങളില്‍ നിന്നുള്ള റോക്ക് ബാന്‍ഡുകള്‍ പങ്കെടുത്ത മൗറീഷ്യസില്‍ നടന്ന വേള്‍ഡ് മ്യൂസികില്‍ ഫെസ്റ്റില്‍ ഇന്ത്യയുടെ പ്രതിനിധിയായി പോയത് അവിയല്‍ സംഘമാണ്.

ടോണി ജോണ്‍ ഗാനങ്ങള്‍ പാടുമ്പോള്‍ ഗിറ്റാറില്‍ റെക്‌സ് വിജയനും ബിന്നി ജാസിലും പ്രകടനങ്ങള്‍ നടത്തുന്നു. ഡ്രംസില്‍ മിഥുനും മാസ്മരിക പ്രകടനം നടത്തുന്നു. അങ്ങനെ അവിയല്‍ സംഘത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. എ.ആര്‍ റഹ്മാന്റെ അഭിനന്ദനവും അവിയല്‍ ടീം ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലും അവിയല്‍ സംഘം പ്രകടനം നടത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തും പാലക്കാടും കോഴിക്കോടും മാത്രമാണ് പരിപാടികള്‍ നടത്താന്‍ സാധിച്ചത്. സ്‌പോണ്‍സര്‍മാരേ കിട്ടാത്തതാണ് കേരളത്തില്‍ പരിപാടി നടത്താന്‍ സാധിക്കകാത്തതെന്ന് അവിയല്‍ സംഘം പറഞ്ഞു. സാള്‍ട്ട് ആന്‍ഡ് പെപ്പറിനു പിന്നാലെ ചാപ്പാ കുരിശില്‍ സംഗീതം ഒരുക്കിയിരിക്കുന്നത് റെക്‌സി വിജയനാണ്. ഫേസ് ബുക്കില്‍ പതിനായിരകണക്കിന് ആരാധകരുള്ള അവിയല്‍ സംഘം മലയാള സിനിമകളില്‍ പുതിയ അവിയല്‍ തയാറാക്കുന്നതിനുള്ള തിരക്കിലാണ്.

കടപ്പാട്: ദീപിക

We use cookies to give you the best possible experience. Learn more