| Wednesday, 19th April 2023, 7:54 pm

മക്കല്ലത്തിന്റെ തുടക്കവും ആ രാജ്യത്ത് ടൂര്‍ണമെന്റ് നടത്തിയപ്പോഴുള്ള വിജയവും ഐ.പി.എല്ലിനെ വേറെ ലെവലിലെത്തിച്ചു: രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ 16ാം സീസണ്‍ വലിയ വിജയകരമായി മുന്നേറുകയാണ്. സ്റ്റേഡിയിത്തിലെ ആരവങ്ങളിലാണെങ്കിലും ടി.വി- ഡിജിറ്റല്‍ വ്യൂവര്‍ഷിപ്പിലാണെങ്കിലും വലിയ പിന്തുണയാണ് 2023ലെ സീസണില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബെംഗളൂരുവിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവസാന മത്സരം 2.4 കോടി ആളുകളാണ് ഐ.പി.എല്‍ സ്ട്രീമിങ് ചെയ്യുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയിലൂടെ തത്സമയം കണ്ടത്.

2008ല്‍ ഐ.പി.എല്‍ ആരംഭിച്ചത് മുതല്‍ ഐ.പി.എല്ലിന് സ്വീകാര്യത ലഭിക്കുന്നതിന്റെ കാരണങ്ങള്‍ പറയുകയാണ് മുന്‍ ഇന്ത്യന്‍ കോച്ചും കമന്റേറ്ററുമായ രവി ശാസ്ത്രി. എല്ലായ്‌പ്പോഴും ഒരേ രീതിയിലുള്ള നിലവാരത്തിലാണ് ഐ.എപി.എല്‍ മുന്നോട്ടുപോയിട്ടുള്ളതെന്നും, ടൂര്‍ണമെന്റിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചത് 2009ലെ സീസണ്‍ ദക്ഷിണാഫ്രിക്കയില്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഐ.പി.എല്ലിന്റെ രണ്ടാം സീസണ്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയത് സംബന്ധിച്ച് സ്റ്റാര്‍ സ്പോര്‍ട്സുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രവി ശാസ്ത്രി.

‘രണ്ടാം സീസണില്‍ ഐ.പി.എല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയതും അത് അവിടെ വിജയകരമായി നടത്താന്‍ സാധിച്ചതും ടൂര്‍ണമെന്റിനെ വേറെ ഒരു തലത്തിലേക്ക് ഉയര്‍ത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോലുള്ള ടൂര്‍ണമെന്റിന് ഇവിടെ വലിയ സ്വാധീനമുണ്ട്. അത് ഒരുപാട് കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത പ്രതാപമാണ്. എന്നാല്‍ ഐ.പി.എല്ലിന്റെ രണ്ടാം സീസണ്‍ മുതല്‍ തന്നെ ഐ.പി.എല്‍ വലിയ രീതിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു,’ രവി ശാസ്ത്രി പറഞ്ഞു.

2018ലെ ആദ്യ സീസണില്‍ തന്നെ ബെംഗളൂരുവിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി 73 പന്തില്‍ 158 റണ്‍സെടുത്ത ന്യൂസിലന്‍ഡ് മുന്‍ താരം ബ്രണ്ടന്‍ മക്കല്ലം ഐ.പി.എല്ലിന് ഉജ്വല തുടക്കം നല്‍കിയെന്നും രവി ശാസത്രി പറഞ്ഞു.

‘ആ ദിവസം ഞാന്‍ നന്നായി ഓര്‍ക്കുന്നു, ഞാന്‍ തിരശീലക്ക് പിന്നിലായിരുന്നു. ഗവേണിങ് കൗണ്‍സിലിനൊപ്പമായിരുന്നു ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് നേടിയ ആവശത്തിനിടയിലാണ് 2008 ല്‍ ഐ.പി.എല്‍ ആരംഭിക്കുന്നത്. അതിനിടയില്‍ മക്കല്ലം നല്‍കിയ തുടക്കം ടൂര്‍ണമെന്റിന് തന്നെ വലിയ ഊര്‍ജമായി,’ രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight : Ravi Shastri talk about reasons of IPL success

We use cookies to give you the best possible experience. Learn more