കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ നാലാം മത്സരത്തില്‍ എണ്ണം പറഞ്ഞ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ബാറ്റിങ് നിരയില്‍ വെറ്ററന്‍ ദിനേഷ് കാര്‍ത്തിക്കും ബൗളിങ് നിരയില്‍ ആവേശ് ഖാനുമായിരുന്നു ഇന്ത്യയുടെ വിജയശില്‍പികള്‍.
പ്രോട്ടീസ് നിരയിലെ എണ്ണം പറഞ്ഞ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയായിരുന്നു ആവേശ് ഖാന്‍ പരമ്പരയിലെ ആദ്യ വിക്കറ്റ് നേട്ടവും ആഘോഷിച്ചത്.
നാലോവറില്‍ 4.50 എക്കോണമിയില്‍ 18 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ആവേശ് ഖാന്‍ നാല് വിക്കറ്റുകള്‍ കൊയ്തത്. ഡ്വെയ്ന്‍ പ്രിട്ടോറിയസ്, റാസി വാന്‍ ഡെര്‍ ഡുസെന്‍, മാര്‍കോ ജെന്‍സന്‍, കേശവ് മഹാരാജ് എന്നിവരായിരുന്നു ആവേശിന്റെ ബൗളിങിന്റെ ചൂടറിഞ്ഞത്.
ഇന്ത്യയുടെ വിജയത്തിലെ നിര്‍ണായക ഘടകം എന്നതിലുപരി ആവേശിന്റെ ഈ പ്രകടനം മറ്റൊരാള്‍ക്കുള്ള മറുപടിയായും വിലയിരുത്തപ്പെടുന്നുണ്ട്.
ആവേശ് ഖാന്റെ പ്രകടനം മോശമാണെന്നും ഒരു വിക്കറ്റ് പോലും ഇതുവരെ നേടാനാവാത്ത ഇവനെ പ്ലെയിംഗ് ഇലവനില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്.
അതേസമയം, 82 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ 16.5 ഓവറില്‍ 87 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിരുന്നു. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹര്‍ദിക് പാണ്ഡ്യ ദിനേഷ് കാര്‍ത്തിക്ക് സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയ 65 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്.
27 പന്തില്‍ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 55 റണ്‍സാണ് കാര്‍ത്തിക്ക് നേടിയത്. അവസാന ഓവറുവരെ താരം പിടിച്ചുനിന്നു. 31 പന്തുകള്‍ നേരിട്ട പാണ്ഡ്യ മൂന്ന് വീതം സിക്സും ഫോറുമടക്കം 46 റണ്‍സെടുത്തു.
അതേസമയം, ബാറ്റിങിനിടെ പരിക്കേറ്റ് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ ബാറ്റ് ചെയ്യാനിറങ്ങിയില്ല. 20 പന്തില്‍ 20 റണ്‍സെടുത്ത റാസി വാന്‍ ഡെര്‍ ഡുസെനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.
ആവേശിന് പുറമെ ചഹല്‍ രണ്ട് വിക്കറ്റുകളും ഹര്‍ഷല്‍ പട്ടേല്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.