ഇന്ത്യക്കായി ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിക്കാന്‍ താന്‍ തയ്യാറാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ആവേശ് ഖാന്‍. സിംബാബ്വെയ്ക്കെതിരായ നാലാം ടി-20 മത്സരത്തിന് മുന്നോടിയായി ബി.സി.സി.ഐ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് ആവേശ് ഇക്കാര്യം പറഞ്ഞത്. ആഭ്യന്തര തലത്തില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര തലത്തിലും ടെസ്റ്റില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നുമാണ് ആവേശ് പറഞ്ഞത്.
‘എന്റെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു ഫോര്‍മാറ്റായതിനാല്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. സംസ്ഥാന, ഇന്ത്യ എ, ദുലീപ്, ദിയോധര്‍ ട്രോഫി എന്നി ടൂര്‍ണമെന്റുകളില്‍ ഇതിനോടകം തന്നെ ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ റെഡ് ബോള്‍ കൊണ്ട് പന്തെറിയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. പല സംഘങ്ങളും എന്റെ സംസ്ഥാനത്തെ ടീമിനുവേണ്ടി ഓരോ ദിവസവും 20-25 ഓവര്‍ വരെ ബോള്‍ ചെയ്യാന്‍ എനിക്ക് കഴിയാറുണ്ട്. ഒരു സീസണില്‍ എനിക്ക് 300-350 ഓവര്‍ വരെ ചെയ്യാന്‍ കഴിയും. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനും മത്സരത്തിന്റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ എന്റെ രാജ്യത്തിനായി മികച്ച പ്രകടനം നടത്താനും ഉള്ള അവസരത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്,’ ആവേശ് ഖാന്‍ പറഞ്ഞു.
ഇന്ത്യയ്ക്കായി ഏകദിനത്തിലും ടി-20യിലുമാണ് താരം കളിച്ചിട്ടുള്ളത്. ഇന്ത്യക്കൊപ്പം എട്ട് ഏകദിന മത്സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റുകളാണ് ആവേശ് നേടിയിട്ടുള്ളത്. ടി-20യില്‍ 23 മത്സരങ്ങളില്‍ നിന്നും 25 വിക്കറ്റുകളും താരം നേടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 63 മത്സരങ്ങളില്‍ നിന്നും 74 വിക്കറ്റുകള്‍ ആണ് ഇതിനോടകം തന്നെ ആവേശ് നേടിയിട്ടുള്ളത്.
2024 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു ആവേശ്. രാജസ്ഥാന്‍ ഒപ്പം 16 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റുകളാണ് താരം കഴിഞ്ഞ ഐ.പി.എല്ലില്‍ നേടിയത്.
അതേസമയം ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് ഇനി ഇന്ത്യക്ക് മുന്നില്‍ വരാനിരിക്കുന്നത്. ഈ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ താരം ഇടം നേടുമോ എന്ന് കണ്ടു തന്നെ അറിയണം.
Content Highlight: Avesh Khan Talks He Wish to Play Test For India