ഇന്ത്യ – സൗത്ത് ആഫ്രിക്ക മൂന്നാം ഏകദിനത്തില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ പേസര്‍ ആവേശ് ഖാന്‍. അഞ്ച് ഓവര്‍ പന്തെറിഞ്ഞ് കേവലം എട്ട് റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.
വിക്കറ്റൊന്നും തന്നെ നേടാന്‍ സാധിച്ചില്ലെങ്കിലും ആവേശിന്റെ പ്രകടനം ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നു. ഒരു മെയ്ഡനടക്കം 1.60 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
ആവേശിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആവേശ് ഖാന്‍ പുറത്തെടുത്തത്. ഐ.പി.എല്ലിന് ശേഷം ആവേശ് ഖാന്‍ ഇത്രത്തോളം ആവേശത്തോടെ പന്തെറിഞ്ഞ മറ്റൊരു മത്സരവും ഉണ്ടായിട്ടില്ല.
ഒറ്റ വിക്കറ്റ് പോലും നേടാനായില്ലെങ്കിലും താരത്തിന്റെ ചോരാത്ത കൈകള്‍ ഇന്ത്യക്ക് തുണയായി. മൂന്ന് പ്രോട്ടീസ് താരങ്ങളെയാണ് ആവേശ് ക്യാച്ചെടുത്ത് പുറത്താക്കിയത്.
ജാന്നേമന്‍ മലന്‍, ക്വിന്റണ്‍ ഡി കോക്ക്, മാന്‍ക്കോ ജെന്‍സന്‍ എന്നിവരാണ് ആവേശിന്റെ കൈകളിലകപ്പെട്ടത്.
ആവേശ് ഖാന് പുറമെ ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞ എല്ലാവരും മികച്ചുനിന്നു. അഞ്ചിന് താഴെ എക്കോണമിയില്‍ പന്തെറിഞ്ഞാണ് എല്ലാവരും റണ്ണൊഴുക്ക് തടഞ്ഞത്.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്.
മത്സരത്തിന്റെ മൂന്നാം ഓവറിലായിരുന്നു ആദ്യ വിക്കറ്റ് വീണത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ക്വിന്റണ്‍ ഡി കോക്കിനെയാണ് ഇന്ത്യ ആദ്യം മടക്കിയത്. വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ ആവേശ് ഖാന് ക്യാച്ച് നല്‍കിയായിരുന്നു ഡി കോക്കിന്റെ മടക്കം.
സ്‌കോര്‍ബോര്‍ഡില്‍ 25 റണ്‍സ് ചേര്‍ത്തപ്പോഴേക്കും അടുത്ത വിക്കറ്റും വീണിരുന്നു. തുടര്‍ന്ന് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു.
ഇന്ത്യയെ പരീക്ഷിക്കും എന്ന് കരുതിയ ഒറ്റ പ്രോട്ടീസ് ബാറ്റര്‍മാര്‍ക്ക് പോലും ഇന്ത്യക്ക് ഭീഷണി ഉയര്‍ത്താന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ ഡേവിഡ് മില്ലര്‍ അടക്കം ഏഴ് താരങ്ങളാണ് ഒറ്റയക്കത്തിന് പുറത്തായത്.
കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത്. 4.1 ഓവറില്‍ 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
തന്റെ അന്താരാഷ്ട്ര കരിയറിലെ രണ്ടാമത് മാത്രം മത്സരത്തിനിറങ്ങിയ ഷഹബാസ് അഹമ്മദ്, ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ സൗത്ത് ആഫ്രിക്ക കേവലം 27.1 ഓവറില്‍ 99 റണ്‍സിന് ഓള്‍ ഔട്ടായി.
സൗത്ത് ആഫ്രിക്കയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിലൊന്നായി ദല്‍ഹിയിലെ മത്സരം മാറി. പ്രോട്ടീസിന്റെ ഏകദിനത്തിലെ നാലാമത് മോശം സ്‌കോറായും ഇന്ത്യ – സൗത്ത് ആഫ്രിക്ക പകമ്പരയിലെ മൂന്നാം മത്സരം മാറി.
ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര ലഭിക്കുമെന്നിരിക്കെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം ഇന്ത്യക്ക് ഏറെ തുണയായിരിക്കുകയാണ്.
Content highlight: Avesh Khan’s career best bowling performance in India vs South Africa 3rd ODI