ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ 12 റണ്‍സിനായിരുന്നു സഞ്ജുവും കൂട്ടരും തകര്‍ത്തു വിട്ടത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടാനാണ് കഴിഞ്ഞത്.
മത്സരത്തില്‍ അവസാന ഓവറില്‍ ക്യാപ്പിറ്റല്‍സിന് വിജയിക്കാന്‍ 17 റണ്‍സ് ആവശ്യമുള്ളപ്പോഴാണ് ആവേഷ് ഖാന്‍ മികച്ചയോര്‍ക്കലിലൂടെ രാജസ്ഥാന്‍ തുടര്‍ച്ചയായി രണ്ടാം വിജയം സമ്മാനിച്ചത്. വെറും നാല് റണ്‍സ് മാത്രം വിട്ടു നല്‍കിക്കൊണ്ട് ആയിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. മത്സരത്തില്‍ നാലു ഓവറില്‍ 29 റണ്‍സ് വിട്ടു നല്‍കിയ ഒരു വിക്കറ്റ് ആണ് താരം നേടിയത്.
‘സഞ്ജു സാംസണ്‍ മത്സരത്തില്‍ എനിക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ആവശ്യമുള്ള സ്ഥലത്ത് പന്ത് എറിയാന്‍ സഞ്ജു എന്നോട് പറഞ്ഞു. എനിക്ക് കൃത്യമായി പ്ലാനിങ്ങുകള്‍ നടത്താന്‍ കഴിയാതെ വരുന്ന സമയങ്ങളില്‍ ഞാന്‍ എവിടെയാണ് പന്ത് എറിയേണ്ടത് എന്ന് സഞ്ജു എന്റെ അടുത്ത് വന്നു പറയും. പിന്നെ എന്റെ കൂടെ നിന്ന് കൊണ്ട് ഫീല്‍ഡ് സെറ്റ് ചെയ്യാനും സഞ്ജു ഒപ്പം ഉണ്ടാവും,’ ആവേഷ് ഖാന്‍ പറഞ്ഞു.
‘ഞാനെപ്പോഴും മത്സരങ്ങളില്‍ യോര്‍ക്കറുകള്‍ എറിയാന്‍ പരിശീലിക്കുന്നുണ്ട്. മത്സരങ്ങളില്‍ മികച്ച ലൈനും ലെങ്ത്തും നോക്കി എറിയാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്,’ ആവേഷ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാന്‍ ബാറ്റിങ്ങില്‍ നിര്‍ണായകമായത് റിയാന്‍ പരാഗിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് ആയിരുന്നു. 45 പന്തില്‍ പുറത്താവാതെ 84 റണ്‍സ് നേടിക്കൊണ്ടായിരുന്നു പരാഗിന്റെ വെടിക്കെട്ട് പ്രകടനം. ഏഴ് ഫോറുകളും ആറു കൂറ്റന്‍ സിക്സുകളും ആണ് താരം നേടിയത്.
അതേസമയം ക്യാപ്പിറ്റല്‍സ് ബാറ്റിങ്ങില്‍ ഡേവിഡ് വാര്‍ണര്‍ 34 പന്തില്‍ 49 റണ്‍സും ട്രിസ്റ്റണ്‍ സ്റ്റബ്സ് 23 പന്തില്‍ 44 റണ്‍സും നേടി നിര്‍ണായകമായ പ്രകടനം നടത്തി.
റോയല്‍സ് ബൗളിങ്ങില്‍ നാന്ധ്ര ബര്‍ഗര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.
ജയത്തോടെ രണ്ടു മത്സരങ്ങളും വിജയിച്ച നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും. ഏപ്രില്‍ ഒന്നിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.