ഐ.പി.എല്‍ 2023ലെ 26ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ ഹോം സ്‌റ്റേഡിയത്തിലെത്തി പരാജയപ്പെടുത്തിയിരുന്നു. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ പത്ത് റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി. കൈല്‍ മയേഴ്‌സിന്റെ അര്‍ധ സെഞ്ച്വറിയും ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിന്റെ ഇന്നിങ്‌സുമാണ് ലഖ്‌നൗവിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
155 റണ്‍സുമായി ബാറ്റ് വീശിയ രാജസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റിന് 144 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും മാര്‍കസ് സ്‌റ്റോയ്‌നിസുമാണ് രാജസ്ഥാനെ വിജയത്തില്‍ നിന്നും അകറ്റി നിര്‍ത്തിയത്.
നാല് ഓവര്‍ പന്തെറിഞ്ഞ് 25 റണ്‍സ് മാത്രം വഴങ്ങിയാണ് ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. ദേവ്ദത്ത് പടിക്കലും, ധ്രുവ് ജുറെലും മധ്യനിരയിലെ കരുത്തന്‍ ഷിംറോണ്‍ ഹെറ്റ്‌മെയറുമാണ് ആവേശിന്റെ പേസിന്റെ കരുത്തറിഞ്ഞത്.
ദേവ്ദത്ത് പടിക്കല്‍ 21 പന്തില്‍ നിന്നും 26 റണ്‍സ് നേടിയപ്പോള്‍ ഹെറ്റ്‌മെയര്‍ അഞ്ച് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടിയാണ് പുറത്തായത്. ധ്രുവ് ജുറെല്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി.
ഈ സീസണില്‍ ഹെറ്റ്‌മെയറിനെ പുറത്താക്കുന്ന ആദ്യ ബൗളറാണ് ആവേശ് ഖാന്‍. 16ാം ഓവറിലെ ആദ്യ പന്തില്‍ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
ഇത് രണ്ടാം തവണ മാത്രമാണ് ഹെറ്റ്‌മെയര്‍ പുറത്താകുന്നത്. അതില്‍ ബൗളറോട് നേരിട്ട് പരാജയപ്പെടുന്നതാകട്ടെ ആദ്യവും.
നേരത്തെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ റണ്‍ ഔട്ടായി മടങ്ങിയ ഹെറ്റ്‌മെയര്‍ സീസണിലെ മറ്റ് നാല് മത്സരത്തിലും പുറത്താകാതെ നിന്നിരുന്നു. എന്നാല്‍ ലഖ്‌നൗവിനെതിരെ നടന്ന മത്സരത്തില്‍ ആവേശ് ഖാനോട് പരാജയപ്പെടാനായിരുന്നു രാജസ്ഥാന്റെ വിശ്വസ്തന്റെ വിധി.
സീസണിലെ അഞ്ച് മത്സരത്തില്‍ നിന്നും 18 ഓവര്‍ പന്തെറിഞ്ഞ് 170 റണ്‍സ് വഴങ്ങി ആറ് വിക്കറ്റാണ് ആവേശ് ഖാന്‍ വീഴ്ത്തിയത്. കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെ പുറത്തെടുത്ത 25/3 ആണ് മികച്ച പ്രകടനം.
Content Highlight: Avesh Khan becomes the first bowler to dismiss Shimron Hetmyer in IPL 2023