| Monday, 29th December 2014, 11:08 am

ഒരു ശരാശരി ഇന്ത്യക്കാരന്‍ 2015 ല്‍ 10,000 രൂപ ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് ചിലവഴിക്കുമെന്ന് പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അടുത്ത വര്‍ഷം ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ ഇന്ത്യയുടെ ചിലവ് ശരാശരി 67 ശതമാനം വര്‍ധിക്കുമെന്ന് പഠനം. ഒരു ശരാശരി ഇന്ത്യക്കാരന്‍ 10,000 രൂപയോളം 2015 ല്‍  ഓണ്‍ലൈന്‍ വ്യാപാരത്തിനായി ചിലവഴിക്കുമെന്നും പഠനത്തില്‍ പറയുന്നു.

ഇപ്പോള്‍ 6000 ത്തോളം രൂപയാണ് ഒരു ശരാശരി ഇന്ത്യക്കാരന്‍ ഓണ്‍ലൈന്‍ വ്യാപാരത്തിനായി ചിലവഴിക്കുന്നതെന്നും അസോച്ചം പി.ഡബ്‌ള്യൂ.സി നടത്തിയ പഠനത്തില്‍ പറയുന്നു. 40 മില്യണ്‍ ആളുകളാണ് ഈ വര്‍ഷം ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിയിരിക്കുന്നത്.

2015 ല്‍ 65 മില്യണ്‍ ആള്‍ക്കാര്‍ സാധനങ്ങള്‍ വാങ്ങുമെന്നാണ് പഠനത്തില്‍ പറയുന്നത്. കൂടുതല്‍ സൗകര്യങ്ങളും സാധനങ്ങളും ഓണ്‍ലൈന്‍ വിപണിയില്‍ എത്തുമെന്നും പഠനം വ്യക്തമാക്കുന്നു. മുഴുവന്‍ ഓണ്‍ലൈന്‍ വ്യാപരത്തിനുമായി 17 ബില്യണ്‍ ഡോളര്‍ മൂല്യമാണ് ഇപ്പോഴുള്ളത്. ഓരോ വര്‍ഷവും 35 ശതമാനം വളര്‍ച്ചയാണ് വ്യാപാര രംഗത്ത് ഉണ്ടാകുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മൂല്യം 100 ബില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ലാണ് ലോക വ്യാപാരികളുടെയും അസിം പ്രേംജി, രത്തന്‍ റ്റാറ്റ അടക്കമുള്ള ഇന്ത്യന്‍ വ്യവസായികളുടെയും ശ്രദ്ധ ഓണ്‍ലൈന്‍ വ്യാപാരരംഗം ആകര്‍ഷിച്ചതെന്നും പഠനത്തില്‍ പറയുന്നത്.

ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ പോലുള്ള കമ്പനികള്‍ക്ക് ആമസോണ്‍ പോലുള്ള ലോകോത്തര കമ്പനികള്‍ക്കെപ്പം നില്‍ക്കാന്‍ കഴിയുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

“സ്മാര്‍ട്ട് ഫോണുകളും ടാബ്‌ലറ്റുകളും വാങ്ങുന്നവരാകും ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ കൂടുതലായും നിയന്ത്രിക്കുക. ഇപ്പോള്‍ തന്നെ മൊബൈല്‍ ഫോണിന് 11 ശതമാനം വിപണനവും നടക്കുന്നത് ഓണ്‍ലൈന്‍ വഴിയാണ്. 2017 ആകുമ്പോഴേക്കും ഇത് 25 ശതമാനമാകും” അസോച്ചത്തിന്റെ സെക്രട്ടറി ജനറലായ ഡി.എസ് റാവത് പറഞ്ഞു.

We use cookies to give you the best possible experience. Learn more