ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയാണ് മാര്‍വല്‍ സിനിമകള്‍. 2008ല്‍ അയണ്‍ മാന്‍ എന്ന സിനിമയിലൂടെ ആരംഭിച്ച മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് സൂപ്പര്‍ഹീറോ സിനിമകളിലൂടെ ലോകത്തിലെ ഒന്നാം നമ്പര്‍ സ്റ്റുഡിയോയായി മാറി.
അയണ്‍ മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, തോര്‍, ഹള്‍ക്ക്, ഡോക്ടര്‍ സ്ട്രേഞ്ച്, സ്പൈഡര്‍മാന്‍ തുടങ്ങി നിരവധി സൂപ്പര്‍ഹീറോകളെ ഒരു സിനിമയില്‍ കൊണ്ടുവരാന്‍ മാര്‍വലിന് സാധിച്ചു. 2019ല്‍ പുറത്തിറങ്ങിയ അവഞ്ചേഴ്സ് എന്‍ഡ് ഗെയിം ലോകത്താകമാനം കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചു. എന്നാല്‍ എന്‍ഡ് ഗെയിമിന് ശേഷം മാര്‍വല്‍ സിനിമകള്‍ക്ക് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല.
ഫേസ് സിക്‌സില്‍ ഉണ്ടാകുമെന്ന് മാര്‍വല്‍ അനൗണ്‍സ് ചെയ്ത അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. മാര്‍വലിന്റെ മുഖമെന്ന് അറിയപ്പെടുന്ന റോബര്‍ട് ഡൗണി ജൂനിയര്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയാണ് ചിത്രത്തിനുള്ളത്. മാര്‍വല്‍ കോമിക്‌സിലെ ഏറ്റവും ശക്തനായ വില്ലനാണ് ഡോക്ടര്‍ ഡൂം.
ആര്‍.ഡി.ജെക്ക് പുറമെ ക്രിസ് ഇവാന്‍സ് (ക്യാപ്റ്റന്‍ അമേരിക്ക/ ഹ്യൂമന്‍ ടോര്‍ച്ച്), ടോം ഹോളണ്ട് (സ്‌പൈഡര്‍മാന്‍), ബെനഡിക്ട് കമ്പര്‍ബാച്ച (ഡോക്ടര്‍ സ്‌ട്രെയ്ഞ്ച്), ആന്തണി മഖീ (ഫാല്‍ക്കണ്‍) എന്നിവര്‍ക്കൊപ്പം തണ്ടര്‍ബോള്‍ട്‌സിലെ ടീമും ഡൂംസ്‌ഡേയുടെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് പുറമെ ചില സര്‍പ്രൈസ് കാമിയോകളും ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നു. എന്‍ഡ് ഗെയിമിന് ശേഷം ആരാധകര്‍ക്ക് തിയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ കഴിയുന്ന ചിത്രമാണ് ഇത്.
ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ റൂസ്സോ ബ്രദേഴ്‌സാണ് ഡൂംസ് ഡേ സംവിധാനം ചെയ്യുന്നത്. മാര്‍വലിലേക്ക് ഇരുവരുടെയും തിരിച്ചുവരവ് കൂടിയാകും ആ ചിത്രം. ഫേസ് സിക്‌സിലെ അവസാനചിത്രമായ അവഞ്ചേഴ്‌സ് സീക്രട്ട് വാര്‍സും റൂസോ ബ്രദേഴ്‌സ് തന്നെയാകും സംവിധാനം ചെയ്യുക.
മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായിട്ടാകും ഡൂംസ് ഡേ ഒരുങ്ങുക. അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രം 2027 പകുതിയോടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും തകര്‍ക്കാനുള്ള കെല്പ് ഡൂംസ് ഡേയ്ക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്.
Content Highlight: Avengers Dooms day expected cast list out now