Advertisement
World News
കമലയ്ക്കായി വോട്ടുതേടി അയണ്‍മാനും ക്യാപ്റ്റന്‍ അമേരിക്കയും ബ്ലാക്ക് വിഡോയും; ഇനി മൂന്ന് നാള്‍ മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Nov 02, 03:00 am
Saturday, 2nd November 2024, 8:30 am

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തിരശീല വീഴാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചരണം കൊഴുപ്പിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമല ഹാരിസ്. കമലയ്ക്കായി പ്രചരണത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് അവഞ്ചേഴ്‌സ് താരങ്ങള്‍.

മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ അയണ്‍ മാനായി വേഷമിട്ട റോബര്‍ട്ട് ഡൗണി ജൂനിയര്‍, ക്യാപ്റ്റന്‍ അമേരിക്കയായ ക്രിസ് ഇവാന്‍സ്, ബ്ലാക്ക് വിഡോയായ സ്‌കാര്‍ലറ്റ് ജോണ്‍സണ്‍, ഹള്‍ക്ക് ആയി വേഷമിട്ട മാര്‍ക്ക് റുഫല്ലോ, ഒക്കോയിയായ ഡാനായി ഗുറിയ, വിഷനായ പോള്‍ ബെറ്റാണി എന്നിവരാണ് കമലയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

വീഡിയോ കോള്‍ വഴി പ്രത്യക്ഷപ്പെട്ട താരങ്ങള്‍ കമലയ്ക്കായി വോട്ട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നിച്ച് വരാന്‍ സാധിച്ചതിലും കമല ഹാരിസിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് ഡാനായി ഗുറിയ പറഞ്ഞു.

സ്‌കാര്‍ലെറ്റ് ജോണ്‍സണാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ താരങ്ങളെയും ഒരുമിച്ച് കൊണ്ടുവന്നത്. അവഞ്ചേഴ്‌സ് തീമിലാണ് താരങ്ങള്‍ പ്രചരണം നടത്തിയത്. ഒന്നര മിനുട്ട് നീണ്ട് നില്‍ക്കുന്ന പ്രചരണ വീഡിയോ റോബര്‍ട്ട് ഡൗണി ജൂനിയര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിട്ടുണ്ട്.

ഹള്‍ക്ക് ആയി വേഷമിട്ട മാര്‍ക്ക് റുഫലോ ഡെമോക്രാറ്റ് അനുഭാവി കൂടിയാണ്. അദ്ദേഹം തന്റെ എക്‌സ് പോസ്റ്റില്‍ പങ്കുവെച്ച വീഡിയോയില്‍ ആരും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കരുതെന്നും അങ്ങനെ വന്നാല്‍ നമുക്ക് വലിയ നഷ്ടം സംഭവിക്കുമെന്നും അറിയിക്കുന്നുണ്ട്.

‘പ്രൊജക്ട് 2025, സ്ത്രീകളുടെ പ്രത്യുല്‍പാദന അവകാശങ്ങള്‍ (reproductive rights), കാലാവസ്ഥാ വ്യതിയാനം, എല്‍.ജി.ബി.ടി.ക്യു.ഐ.എ.പ്ലസ് അവകാശങ്ങള്‍, പൊതുവിദ്യാഭ്യാസം, വിദ്യാര്‍ത്ഥികളുടെ കടാശ്വാസം, സാമൂഹിക സുരക്ഷ, ജീവന്‍ രക്ഷാ വാക്‌സിനുകള്‍ ഇവയെല്ലാം യഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. അതിനാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്,’ മാര്‍ക്ക് റുഫല്ലോ എക്‌സില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ ഈ വീഡിയോ ഡൗണ്‍ വിത്ത് ഡെമോക്രസി എന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമെ ജെന്നിഫര്‍ ആനിസ്റ്റണ്‍, ടെയ്ലര്‍ സ്വിഫ്റ്റ്, ലിയോനാര്‍ഡോ ഡികാപ്രിയോ, ബിയോണ്‍സ്, സാറാ ജെസീക്ക പാര്‍ക്കര്‍, എമിനെം, ബെന്‍ സ്റ്റില്ലര്‍, വില്ലി നെല്‍സണ്‍, ചെര്‍, മാര്‍ക്ക് ആന്റണി, ലിസോജിറ്റ, മാരിസ്‌ക , ആന്‍ ഹാ ത്‌വെ, നീല്‍ യംഗ്, ജെന്നിഫര്‍ ലോറന്‍സ്, ബില്ലി ഐലിഷ് എന്നീ താരങ്ങളും കമല ഹാരിസിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Content Highlight: Avengers cast assemble to endorse Kamala Harris