സ്‌നോപ്ലോ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അവഞ്ചേഴ്‌സ് നടന്‍ ജെറമി റെന്നര്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും സിനിമയുടെ ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുന്നു. മേയര്‍ ഓഫ് കിങ്‌സ്ടൗണ്‍ എന്ന സീരീസിന്റെ മൂന്നാം സീസണ്‍ ചിത്രീകരിക്കാനായാണ് താരം തിരിച്ചെത്തുന്നത്.
2023 ജനുവരി ഒന്നിനായിരുന്നു സ്‌നോപ്ലോ അപകടത്തില്‍ 30ലധികം അസ്ഥികള്‍ ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് റെന്നര്‍ ഷൂട്ടിങ്ങുകളില്‍ നിന്ന് വിട്ടുനിന്നത്. മേയര്‍ ഓഫ് കിങ്‌സ്ടൗണിന്റെ രണ്ടാം സീസണ്‍ അതേവര്‍ഷം ജനുവരി 15നായിരുന്നു പ്രീമിയര്‍ ചെയ്തത്.
മേയര്‍ ഓഫ് കിങ്‌സ്ടൗണിലെ നായിക എമ്മ ലെയ്ര്‍ഡിലാണ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഈ കാര്യം പങ്കു വെച്ചത്. It’s happening, Back with my favorite guy next week എന്ന ക്യാപ്ഷനോടെ എമ്മ ജെറമി റെന്നറിനൊപ്പമുള്ള തന്റെ ഫോട്ടോ പങ്കു വെക്കുകയായിരുന്നു.
ടെയ്ലര്‍ ഷെറിഡന്റെയും ഹഗ് ദില്ലന്റെയും അമേരിക്കന്‍ ക്രൈം ത്രില്ലര്‍ ടെലിവിഷന്‍ സീരീസാണ് മേയര്‍ ഓഫ് കിങ്‌സ്ടൗണ്‍. സീരീസിന്റെ ആദ്യ സീസണ്‍ പ്രീമിയര്‍ ചെയ്തത് 2021 നവംബര്‍ 14നായിരുന്നു.
ഇപ്പോള്‍ മൂന്നാമത്തെ സീസണിന്റെ ഷൂട്ടിങ്ങാണ് ജനുവരിയില്‍ ആരംഭിക്കുന്നത്. ഈ സീസണ്‍ സെപ്റ്റംബറിലെത്തുമെന്നാണ് പാരാമൗണ്ട്+ പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്ക് മക്ലസ്‌കി എന്ന കഥാപാത്രമായാണ് ജെറമി റെന്നര്‍ മേയര്‍ ഓഫ് കിങ്‌സ്ടൗണിലെത്തുന്നത്.
എം.ടി.വി. എന്റര്‍ടൈന്‍മെന്റ് സ്റ്റുഡിയോസ്, 101 സ്റ്റുഡിയോസ്, ബോസ്‌ക് റാഞ്ച് പ്രൊഡക്ഷന്‍സ് എന്നിവ ചേര്‍ന്നാണ് മേയര്‍ ഓഫ് കിങ്‌സ്ടൗണ്‍ നിര്‍മിക്കുന്നത്. ഷെറിഡന്‍, ഡിലോണ്‍, റെന്നര്‍, അന്റോയിന്‍ ഫുക്വാ, ഡേവിഡ് സി. ഗ്ലാസര്‍, റോണ്‍ ബര്‍ക്കിള്‍, ബോബ് യാരി, മൈക്കല്‍ ഫ്രീഡ്മാന്‍, ഡേവ് എറിക്‌സണ്‍, റെജീന കൊറാഡോ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസിങ്ങ്.
ദി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം, അവഞ്ചേഴ്‌സ് ഏജ് ഓഫ് അള്‍ട്രോണ്‍, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ എന്നിവ കൂടാതെ മിഷന്‍ ഇമ്പോസിബിള്‍, ബ്ലാക്ക് വിഡോ, ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍ എന്നിവ ഉള്‍പ്പെടെ നിരവധി സിനിമകളിലൂടെയും സീരീസുകളിലൂടെയും പ്രശസ്തനാണ് ജെറമി റെന്നര്‍.
Content Highlight: Avengers actor Jeremy Renner returns after recovers from snowplow accident injury