Film News
പണ്ടോറയിലേക്ക് വീണ്ടും മനുഷ്യരെത്തുമോ; കടലിലെയും കരയിലെയും വിസ്മയ കാഴ്ചകളുമായി അവതാര്‍ ദി വേ ഓഫ് വാട്ടര്‍ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 02, 01:06 pm
Wednesday, 2nd November 2022, 6:36 pm

ആഗോള സിനിമാ പ്രേമികളൊന്നാകെ കാത്തിരുന്ന ജെയിംസ് കാമറൂണ്‍ ചിത്രം അവതാര്‍ ദി വേ ഓഫ് വാട്ടര്‍ ട്രെയ്‌ലര്‍ പുറത്ത്.

ജേക്ക്, നെയ്ത്രി അവരുടെ കുട്ടികള്‍ എന്നിവരിലൂടെയാണ് ട്രെയ്‌ലര്‍ കടന്നുപോകുന്നത്. പണ്ടോറയിലെ കരയുടെയും കടലിന്റെയും വിസ്മയ കാഴ്ചകളും ട്രെയ്‌ലറില്‍ കാണാനാവും. ആദ്യഭാഗത്തേത് പോലെ കടലിലെയും കരയിലെയും വ്യത്യസ്തമായ ജീവിവര്‍ഗങ്ങളെ അവതാര്‍ ദി വേ ഓഫ് വാട്ടറിന്റെ ട്രെയ്‌ലറിലും കാണിക്കുന്നുണ്ട്.

ആദ്യ സിനിമ ഇറങ്ങി ഒരു ദശാബ്ദത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമിറങ്ങുന്നത്. ടൈറ്റാനിക് എന്ന സൂപ്പര്‍ ഹിറ്റ് കാമറൂണ്‍ ചിത്രത്തില്‍ നായികയായ കെയ്റ്റ് വിന്‍സ്‌ലെറ്റ്‌ അവതാര്‍ രണ്ടാം ഭാഗത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. കാമറൂണിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനായത് ഗംഭീര എക്സ്പീരിയന്‍സ് ആയിരുന്നു എന്നാണ് കെയ്റ്റ് വിശേഷിപ്പിച്ചത്.


പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ പണ്ടോറയിലെ സമുദ്രഭാഗങ്ങളിലൂടെ ദൃശ്യവിസ്മയമായിരിക്കും പ്രേക്ഷകര്‍ക്ക് ലഭിക്കുക എന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം ഡിസംബര്‍ 16-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് 2012ല്‍ ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ 17 നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ റിലീസുകള്‍ പ്രഖ്യാപിച്ച സമയത്ത് നടത്താനായിരുന്നില്ല.

Content Highlight: avatar the way of water official trailer