|

അവതാര്‍ 3; ജെയിംസ് കാമറൂണ്‍ ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്ത്; റിലീസ്...

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകസിനിമാ ചരിത്രത്തില്‍ ഏറെ അത്ഭുതം സൃഷ്ടിച്ച സിനിമയാണ് അവതാര്‍. 2009ലായിരുന്നു ഈ ജെയിംസ് കാമറൂണ്‍ ചിത്രത്തിന്റെ ആദ്യ ഭാഗം പ്രദര്‍ശനത്തിനെത്തിയത്. ഈ ചിത്രം എക്കാലത്തെയും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായി മാറിയിരുന്നു.

അതിന്റെ രണ്ടാം ഭാഗം 2022ലായിരുന്നു തിയേറ്ററുകളിലെത്തിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ഈ ചിത്രം. ഇപ്പോള്‍ ലോകസിനിമാ ആരാധകര്‍ കാത്തിരിക്കുന്നത് ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനാണ്.

കൊവിഡിന് ശേഷം വന്ന ഹോളിവുഡ് സ്‌ട്രൈക്കുകളും ചിത്രം വൈകാന്‍ കാരണമായി. എന്നാല്‍ മൂന്നാം ഭാഗം 2025 ക്രിസ്മസിന് റിലീസിനെത്തുമെന്നാണ് ആഗോളമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നെന്നും നിലവില്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.


അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് 2012ലായിരുന്നു ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നത്. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ 17നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാല്‍ കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ റിലീസുകള്‍ പ്രഖ്യാപിച്ച സമയത്ത് നടത്താനായില്ല. 2020 ഡിസംബറിലെത്തുമെന്ന് പ്രഖ്യാപിച്ച രണ്ടാം ഭാഗം 2022ലായിരുന്നു റിലീസിന് എത്തിയത്. ‘അവതാര്‍ – ദ വേ ഓഫ് വാട്ടര്‍’ എന്നായിരുന്നു രണ്ടാം ഭാഗത്തിന്റെ പേര്.

ഒന്നാം ഭാഗത്തില്‍ ഉള്ളതിനേക്കാള്‍ മനോഹരമായ ദൃശ്യങ്ങളായിരുന്നു രണ്ടാം ഭാഗത്തില്‍ ജെയിംസ് കാമറൂണ്‍ ഒരുക്കിയിരുന്നത്. കടലിനടിയിലെ വിസ്മയ ലോകമായിരുന്നു അത്. എന്നാല്‍ മൂന്നാം ഭാഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Content Highlight: Avatar 3 Updates Out; Release In 2025