| Friday, 23rd December 2022, 4:54 pm

ബോക്‌സ് ഓഫീസില്‍ 5000 കോടി കടന്ന് അവതാര്‍ 2ന്റെ കുതിപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഗോള ബോക്സ് ഓഫീസില്‍ വിസ്മയകുതിപ്പുമായി അവതാര്‍ ദി വേ ഓഫ് വാട്ടര്‍. സിനിമയുടെ കളക്ഷന്‍ 5000 കോടി കടന്നതായിട്ടാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അവതാര്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ക്രിസ്മസ് അവധി തുടങ്ങുന്നതോടെ കളക്ഷന്‍ ഇനിയും ഉയര്‍ന്നേക്കും.

ലോക സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സിനിമയെന്ന റെക്കോഡ് അവതാര്‍ ആദ്യഭാഗത്തിനാണ്. സിനിമയിറങ്ങി പതിമൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഈ റെക്കോഡ് ഇതുവരെയും മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നാല്‍ അവതാര്‍ ദി വേ ഓഫ് വാട്ടറിന് അത് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നീണ്ട പതിനഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് കാമറൂണ്‍ അവതാര്‍ ഒന്നാം ഭാഗമൊരുക്കിയത്. സ്‌ക്രിപ്റ്റ് തയ്യാറാക്കാന്‍ മാത്രം കാമറൂണിന് വേണ്ടി വന്നത് ആറ് വര്‍ഷമായിരുന്നു. പ്രൊഡക്ഷനു വേണ്ടി 9 വര്‍ഷവും. എന്നാല്‍ രണ്ടാം ഭാഗത്തിനായി പതിമൂന്ന് വര്‍ഷമാണ് ആവശ്യമായി വന്നത്.

ജയ്ക് സുള്ളി, നെയ്തേരി, എയ്വ, ഗ്രേസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തിയത്. പാന്‍ഡോറ എന്ന ഗ്രഹത്തിലെ മനുഷ്യനോട് രൂപ സാദൃശ്യമുള്ള നാവി എന്ന് പേരുള്ള ഒരു ജീവി സമൂഹത്തിന്റെ കഥയാണ് അവതാര്‍ ആദ്യ ഭാഗം പറഞ്ഞത്. ഏതൊരാളെയും അമ്പരപ്പിക്കുന്നതാണ് പന്‍ഡോറയുടെ അത്ഭുത കാഴ്ചകള്‍.

പാന്‍ഡോറയിലേക്ക് ഒരു ഖനനത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ എത്തുന്നതും പിന്നീട് നടക്കുന്ന കഥകളുമാണ് അവതാര്‍ ഒന്നാം ഭാഗത്തിന്റെ ഇതിവൃത്തം. എന്നാല്‍ രണ്ടാം ഭാഗത്തിലേക്ക് എത്തിയപ്പോള്‍ സമുദ്ര ലോകത്തിന്റെ മായ കാഴ്ചകളിലേക്കാണ് കാമറൂണ്‍ പ്രേക്ഷകരെ കൂട്ടികൊണ്ട് പോയത്.

നെയിത്രിയെ വിവാഹംകഴിക്കുന്ന ജേക്ക് ഗോത്രത്തലവന്‍ ആകുന്നതിലൂടെയാണ് അവതാര്‍ 2ന്റെ കഥ പുരോഗമിക്കുന്നത്. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍കൊണ്ട് അവതാര്‍ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുന്നുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സാം വെര്‍ത്തിങ്ടണ്‍, സോയി സാല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗേര്‍ണ്ണി വീവര്‍ എന്നിവര്‍ക്കൊപ്പം കേറ്റ് വിന്‍സ്ലറ്റും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേറ്റ് വിന്‍സ്ലറ്റ് കാമറൂണിനൊപ്പം സിനിമ ചെയ്യുന്നത്.

content highlight: avatar 2 crossed 5000 million in world box office

We use cookies to give you the best possible experience. Learn more