പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്തുള്ള ആവളപ്പാണ്ടിയില്‍ ജലസ്രാതസ്സുകളില്‍ വ്യാപകമായി പടര്‍ന്നു പിടിച്ച പിങ്ക് നിറത്തിലുള്ള പൂക്കള്‍ വലിയ രീതിയില്‍ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. ഇതിന് പിന്നാലെ പ്രസ്തുത സസ്യത്തിന്റെ ദോഷവശങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച വിദഗ്ദര്‍ പായലുകള്‍ നീക്കം ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ്.
കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴിലെ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ പ്രൊഫസര്‍ ഡോ. പി. പ്രമീള, അമ്പലവയല്‍ കൃഷിവിജ്ഞാന കേന്ദ്രം സസ്യരോഗ വിഭാഗം ശാസ്ത്രജ്ഞയും പേരാമ്പ്ര ബ്ലോക്കുതല കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിലെ നോഡല്‍ ഓഫീസറുമായ ഡോ. സഞ്ജു ബാലന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. ബിന്ദു, ചെറുവണ്ണൂര്‍ കൃഷി ഓഫീസര്‍ മുഹമ്മദ് അനീസ് എന്നിവരാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
വിദഗ്ദരുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തിലെയും കൃഷി ഓഫീസര്‍മാരുടെ യോഗവും കൃഷിവകുപ്പ് വിളിച്ചുചേര്‍ത്തു. ആവളപ്പാണ്ടിയില്‍ പൂക്കാഴ്ച കാണാനെത്തുന്ന സന്ദര്‍ശകര്‍ പായല്‍ പറിച്ചെടുത്ത് മറ്റിടങ്ങളില്‍ കൊണ്ടുപോയി നട്ടാല്‍ അത് കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തണമെന്നും വിദഗ്ദര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി സസ്യത്തിന്റെ സാംപിളുകളും സംഘം ശേഖരിച്ചു.
അനുകൂല സാഹചര്യത്തില്‍ അതിവേഗം വ്യാപിക്കുന്നതായതിനാല്‍ പായലുകള്‍ വൈകാതെ തന്നെ നീക്കം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു. യന്ത്രസഹായത്തോടെ പറച്ചുനീക്കി നശിപ്പിക്കുന്നതാണ് അനുയോജ്യമായ മാര്‍ഗം. തൊഴിലുറപ്പ് ഉള്‍പ്പെടയുള്ള ജോലിയില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യുന്നത് പരിഗണിക്കണം. നല്ല അമ്ലത്വമുള്ള (പി.എച്ച്. മൂല്യം അഞ്ച്) ജലത്തിലാണ് ഈ ജലസസ്യം നന്നായി വളരുന്നതെന്ന് കാര്‍ഷിക വിദഗ്ധര്‍ വിശദീകരിച്ചു.
കുമ്മായം വിതറി പായല്‍ നശിക്കുന്നുണ്ടോ എന്നുള്ള കാര്യം പരീക്ഷിച്ചു നോക്കാം എന്നും സംഘം അറിയിച്ചു. തോടായതിനാല്‍ കളനാശിനികള്‍ തളിക്കുന്നത് പ്രായോഗികമല്ല. കുറച്ചുകാലമായി തോട് ശുചീകരിക്കാത്തത് മുള്ളന്‍പായലിന് അനുകൂല ഘടകമായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
പടര്‍ന്നു നില്‍ക്കുന്ന ഇലകളും വെളുപ്പും പിങ്കും നിറത്തിലുള്ള പൂക്കളുമായി മനോഹര കാഴ്ചയൊരുക്കി ജലസ്രോതസ്സുകളില്‍ പടര്‍ന്നു പിടിക്കുന്ന, മുള്ളന്‍ പായല്‍ എന്ന് നാട്ടില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ യഥാര്‍ത്ഥ പേര് കബോംബ അക്വാട്ടിക്ക എന്നാണ്. ജലസ്രോതസ്സുകളിലെ സ്വാഭാവിക ജൈവസമ്പത്തിനെ വലിയ രീതിയില്‍ നശിപ്പിക്കുന്ന സസ്യമാണിത്.
ശുദ്ധജലത്തിലോ തടാകങ്ങളിലോ നദികളിലോ നേരിയ ജലപ്രവാഹമുള്ള ഇടങ്ങളിലോ ആണ് കബോംബ വളരുന്നത്. അഞ്ചോ പത്തോ ചെടികള്‍ ആയി വളരാന്‍ തുടങ്ങുന്ന കബോംബ പാരിസ്ഥിതികമായി അനുകൂല സാഹചര്യങ്ങള്‍ കിട്ടിയാല്‍ തഴച്ചു വളരാന്‍ തുടങ്ങും. ചിലപ്പോള്‍ വര്‍ഷങ്ങളോളം എടുത്ത് ജലസ്രോതസ്സിനെ മുഴുവനായും മൂടുന്ന രീതിയിലേക്കായിരിക്കും ഇതിന്റെ വളര്‍ച്ച.
ജലസ്രോതസ്സിന്റെ പന്ത്രണ്ട് അടിയോളം താഴ്ചയില്‍ സസ്യം വളരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മറ്റ് ദുര്‍ബല സസ്യങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും അവയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുകയും ചെയ്യുന്ന രീതിയിലേക്കാണ് കബോംബ വളരുക. ഒപ്പം വളരുന്ന ചെടികളെ മാത്രമല്ല, ഈ സസ്യത്തിന്റെ വേരുകളില്‍ മുട്ടയിട്ട് പ്രജനനം നടത്തുന്ന സ്വാഭാവിക മത്സ്യങ്ങളുടെ പ്രജനനം കുറയുന്നതിനും കബോംബയുടെ വളര്‍ച്ച കാരണമാവും. ജലസംഭരണ ശേഷി കുറയുന്നതിനും ഇത് വഴിയൊരുക്കും. കബോംബയുടെ വെള്ളത്തിനടിയിലുള്ള കാണ്ഢവും ഇലകളും വിനോദ ജല ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.
വളരുന്ന ഘട്ടത്തില്‍ കബോംബ കളയായി അടിഞ്ഞു കൂടി സ്വാഭാവിക ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ജലസ്രോതസ്സിന്റെ ഒഴുക്കിനെ ഇല്ലാതാക്കുകയും ചെയ്യും. ആക്രമണോത്സുകത, വ്യാപനത്തിനുള്ള സാധ്യത, സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങള്‍ എന്നീ സ്വാഭാവങ്ങള്‍ മൂലം ഓസ്ട്രേലിയയിലെ ഏറ്റം മോശം സസ്യങ്ങളിലൊന്നായാണ് കബോംബയെ കാണുന്നത്.
ഓസ്ട്രേലിയയിലെ കിഴക്കന്‍ തീരങ്ങളില്‍ ഒട്ടനവധി ജലപാതകളെ ഈ കള നശിപ്പിച്ചുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സസ്യങ്ങള്‍ നശിക്കുമ്പോള്‍ ഉണ്ടാകുന്ന വിഘടന പ്രക്രിയ ഓക്സിജന്‍ കുറക്കുന്നതിനും ദുര്‍ഗന്ധം വമിക്കുന്നതിനും കാരണമാവും. കേരളത്തില്‍ പമ്പാ നദിയുടെ പല കടവുകളും ഈ കള കാരണം ഉപയോഗശൂന്യമാവുകയും നശിക്കുകയും ചെയ്തിട്ടുണ്ട്.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ദീപേഷ് ജോണ്‍
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക