national news
ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ 47 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 28, 09:27 am
Friday, 28th February 2025, 2:57 pm

റാഞ്ചി: ഉത്തരാഖണ്ഡിലെ ബദരീനാഥിലുണ്ടായ ഹിമപാതത്തില്‍ 47 പേര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ 57 ഓളം പേര്‍ കുടുങ്ങിയിരുന്നുവെന്നും അതില്‍ പത്ത് പേരെ രക്ഷപ്പെടുത്തിയതായുമാണ് പ്രാഥമിക വിവരം.

ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനില്‍ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരാണ് ബദരീനാഥിനപ്പുറത്തുള്ള ഗ്രാമത്തില്‍ ഹിമപാതത്തില്‍ കുടുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ കരാറുകാരന്റെ കീഴില്‍ റോഡ് നിര്‍മാണത്തിനായി ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്.

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ബദരീനാഥിനപ്പുറത്തുള്ള മന ഗ്രാമത്തിന് സമീപത്തായി ഹിമപാതമുണ്ടായതായും 47 തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടുങ്ങി കിടക്കുകയാണെന്നും ഇന്ത്യാ ടുഡേ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാരിന്റെയും ബി.ആര്‍.ഒയുടെയും സംഘങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഐ.ബി.പി.ടിയും ഗര്‍വാള്‍ സ്‌കൗട്ടുകളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

സംഭവം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കര്‍ സിങ് ധാമി സ്ഥിരീകരിച്ചു. തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം നടക്കുന്നതായും വേഗത്തില്‍ രക്ഷപ്പെടുത്താന്‍ പ്രാര്‍ത്ഥിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചമോലി ജില്ലയിലാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ടെന്നും ഇതിനടസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്നും രക്ഷാപ്രവര്‍ത്തക സംഘം പറഞ്ഞു.

ഇവരില്‍ 10 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും ഇവരെ മനയ്ക്ക് സമീപമുള്ള സൈനിക ക്യാമ്പിലേക്ക് അയച്ചിട്ടുണ്ടെന്നും ഉത്തരാഖണ്ഡ് പൊലീസ്‌ ആസ്ഥാന വക്താവ് ഐ.ജി നിലേഷ് ആനന്ദ് ഭര്‍നെ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Avalanche in Uttarakhand; 47 workers are reported to be trapped