| Thursday, 11th March 2021, 4:58 pm

സുഖം അനുഭവിക്കുന്നവര്‍ പാര്‍ട്ടി തലപ്പത്ത്, തീരുമാനത്തിനായി നാളെ രാത്രി കൂടി കാത്തിരിക്കും; ആഞ്ഞടിച്ച് എ.വി ഗോപിനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: കോണ്‍ഗ്രസില്‍ വീണ്ടും വിമത ശബ്ദമുയര്‍ത്തി മുന്‍ എം.എല്‍.എ എ.വി ഗോപിനാഥ്. പാര്‍ട്ടി പുനസംഘടന അനിവാര്യമാണെന്നും ഗ്രൂപ്പിസം കോണ്‍ഗ്രസിന്റെ അടിവേരിളക്കുമെന്നും ഗോപിനാഥ് പറഞ്ഞു.

പാര്‍ട്ടിയ്ക്ക് വേണ്ടി ജീവന്‍ നല്‍കിയ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലാണ്. പ്രവര്‍ത്തകരെ വഞ്ചിച്ച് മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സുഖം അനുഭവിക്കുന്നവര്‍ പാര്‍ട്ടി തലപ്പത്ത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുഖത്തിലാണ്’, ഗോപിനാഥ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി വരെ കാത്തിരിക്കുമെന്നും ഇനി നേരിയ പ്രതീക്ഷ മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഗോപിനാഥ് വിശ്വസ്തരുടെ യോഗം വിളിച്ചിരുന്നു.

‘മുന്നോട്ടുള്ള തീരുമാനം എന്തെന്ന് ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. കോണ്‍ഗ്രസില്‍ നില്‍ക്കാനും അവസാനം വരെ തുടരാനും ആഗ്രഹമുണ്ട്. പാര്‍ട്ടി നേതാക്കളുടെ നിലപാടിനെ ആശ്രയിച്ചിരിക്കും അത്. സമയമായി എന്ന തോന്നലാണ് എനിക്കുള്ളത്. എന്തായാലും എന്റെ പെട്ടിയും കിടക്കയും എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്. ബാക്കി തയ്യാറെടുപ്പുകളെല്ലാം നടത്തി കൊണ്ടിരിക്കുകയാണ്.’ എന്നായിരുന്നു യോഗത്തിന് മുന്‍പ് എ.വി ഗോപിനാഥ് പ്രതികരിച്ചത്.

ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ നേരത്തെ സുധാകരന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പും ഗോപിനാഥിന് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ തീരുമാനം ഒന്നും ഉണ്ടായില്ല.

നേരത്തെ ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് ഗോപിനാഥ് പറഞ്ഞിരുന്നു. അതിനിടെയാണ് അനുരഞ്ജന ചര്‍ച്ചകള്‍ നടന്നത്. പട്ടാമ്പി സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസും തയാറായി.

ഇതിനിടെ സ്ഥാനാര്‍ഥിയാകാന്‍ താനില്ലെന്ന് വ്യക്തമാക്കി ഗോപിനാഥ് തന്നെ രംഗത്തെത്തിയത് ചര്‍ച്ചകള്‍ ഫലം കണ്ടു എന്ന പ്രതീതിയാണ് ഉളവാക്കിയത്.

ശ്രീകണ്ഠന്‍ എം.പിയായതോടെ ഒഴിവുവന്ന പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനം നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ കഴിയും എന്നായിരുന്നു ധാരണ. പാര്‍ട്ടി ചുമതല ഏല്‍പിച്ചാല്‍, ഗ്രൂപ്പുകള്‍ക്കപ്പുറം എല്ലാവരെയും ചേര്‍ത്ത് മുന്നോട്ടുനയിക്കുമെന്നാണ് ഗോപിനാഥ് പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: AV Gopinath Palakkad Congress

We use cookies to give you the best possible experience. Learn more