പാലക്കാട്: ഡി.സി.സി പട്ടികയെച്ചൊല്ലി കോണ്‍ഗ്രസില്‍ കലാപം രൂക്ഷമാകുന്നു. തീരുമാനത്തിനെതിരെ മാധ്യമങ്ങളെ കാണുന്നതിന് തൊട്ടുമുന്‍പ് തനിക്കെതിരെ വിമര്‍ശമുന്നയിച്ച മുന്‍ എം.എല്‍.എ അനില്‍ അക്കരയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥ് രംഗത്തെത്തി.
കോണ്‍ഗ്രസ് വിട്ടാല്‍ ഗോപിനാഥ്, പിണറായിയുടെ വീട്ടില്‍ എച്ചില്‍ നക്കേണ്ടിവരുമെന്നായിരുന്നു അനില്‍ അക്കര പറഞ്ഞിരുന്നത്.
എന്നാല്‍ താനാരുടേയും വീട്ടില്‍ എച്ചില്‍ നക്കാന്‍ പോയിട്ടില്ലെന്നായിരുന്നു ഗോപിനാഥിന്റെ മറുപടി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞാന്‍ ആരുടേയും വീട്ടില്‍ എച്ചില്‍ നക്കാന്‍ പോയിട്ടില്ല. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അതുല്യനായ, ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവുമാണ്. അദ്ദേഹത്തിന്റെ വീട്ടിലെ എച്ചില്‍ നക്കും എന്ന് പറഞ്ഞാല്‍ അതില്‍ അഭിമാനിക്കുന്നവനാണ് ഞാന്‍,’ ഗോപിനാഥ് പറഞ്ഞു.
ഒരു കാരണവശാലും അനില്‍ അക്കരയുടെ വീട്ടിലെ എച്ചില്‍ നക്കാന്‍ തന്നെ കിട്ടില്ലെന്നും അതിന് തന്റെ പട്ടിയെ വിടുമെന്നും ഗോപിനാഥ് പറഞ്ഞു. അനില്‍ അക്കര ഒരുപാട് തന്റെ കാല് നക്കിയ ആളാണെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യും. അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല,’ ഗോപിനാഥ് പറഞ്ഞു.
ഗോപിനാഥിനെ തഴഞ്ഞ് എ. തങ്കപ്പനെയാണ് കോണ്‍ഗ്രസ് പാലക്കാട് ഡി.സി.സി അധ്യക്ഷനായി തെരഞ്ഞെടുത്തിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടി വിടാനൊരുങ്ങിയ ഗോപിനാഥിനെ ഡി.സി.സി അധ്യക്ഷ സ്ഥാനം നല്‍കാമെന്നടക്കം പറഞ്ഞാണ് നേതാക്കള്‍ അനുയയിപ്പിച്ച് നിര്‍ത്തിയിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: AV Gopinath Congress Pinaray Vijayan Anil Akkare