ഐ.ഒ.സി സമരത്തിനു പിന്നില്‍ തീവ്ര സംഘടനകള്‍: സമരക്കാരെ അധിക്ഷേപിച്ച് റൂറല്‍ എസ്.പി എ.വി ജോര്‍ജ്
Daily News
ഐ.ഒ.സി സമരത്തിനു പിന്നില്‍ തീവ്ര സംഘടനകള്‍: സമരക്കാരെ അധിക്ഷേപിച്ച് റൂറല്‍ എസ്.പി എ.വി ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th June 2017, 10:29 am

കൊച്ചി: പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റിനെതിരെയുള്ള സമരത്തിന് പിന്നില്‍ തീവ്രസംഘടനകളെന്ന ആരോപണവുമായി പൊലീസ്. റൂറല്‍ എസ്.പി എ.വി ജോര്‍ജാണ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഇത്തരമൊരു ആരോപണമുയര്‍ത്തിയത്.

ഐ.ഒ.സി പ്ലാന്റിനെതിരായ സമരത്തിന് നേതൃത്വം നല്‍കുന്ന ചിലര്‍ക്ക് തീവ്രസംഘടനകളുമായി ബന്ധമുണ്ട്. സമരത്തിന് പുറമേ നിന്നുള്ള വലിയ പിന്തുണയുണ്ട്. അവര്‍ സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തി പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാരെ തല്ലിച്ചതച്ച പൊലീസ് നടപടിയേയും അദ്ദേഹം ന്യായീകരിച്ചു. പൊലീസ് യാതൊരു പ്രകോപനവും സൃഷ്ടിച്ചിട്ടില്ല. ഐ.ഒ.സി പ്ലാന്റിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് അവിടെ എത്തിയത്. സമരക്കാര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞതോടെ ചെറിയ തോതില്‍ അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം.


Also Read: ഒഡീഷയില്‍ മാനസിക രോഗികളായ രണ്ട് ആണ്‍കുട്ടികളെ ജനക്കൂട്ടം കെട്ടിയിട്ടു മര്‍ദ്ദിച്ചു 


ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിക്കുന്ന ഭാഷയാണിതെന്ന് സമരത്തിനു പിന്നില്‍ തീവ്രസംഘടനകളാണെന്ന എസ്.പിയുടെ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് സമരസമിതി പ്രസിഡന്റ് കെ.എസ് മുരളി പറഞ്ഞു.

കോര്‍പ്പറേറ്റുകള്‍ക്കെതിരെ സമരം നടത്തുന്നവരെ തീവ്രവാദികളും മാവോയിസ്റ്റുകളുമായി മുദ്രകുത്തി ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് ജയിലിടുന്ന എക്കാലത്തെയും നയത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.