കോഴിക്കോട്: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലത്തെ പ്രതിസന്ധികളെ മറികടക്കാന്‍ ഓട്ടോ തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായം ക്ഷേമനിധിയിലുള്ളവര്‍ക്ക് മാത്രമായി ഒതുക്കരുതെന്ന് കോഴിക്കോട് സിറ്റി ഓട്ടോറിക്ഷാ തൊഴില്‍ സംരക്ഷണ സമിതി. തൊഴിലാളി സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയില്‍ ധനസഹായം നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊറോണ വ്യാപനത്തെ തുടര്‍ന്ന് കേരളത്തിലെ ഏകദേശം ആറ് ലക്ഷത്തോളം വരുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഏറെക്കുറെ പൂര്‍ണമായും തൊഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. നിത്യ കൂലിയുടെ അടിസ്ഥാനത്തിലാണ് ഈ തൊഴിലാളികള്‍ പുലരുന്നത്. ഇപ്പോള്‍ ഇവരുടെ സ്ഥിതി പരമ ദയനീയമാണ്. പൊതുവിതരണ സംവിധാനം വഴി ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നുണ്ടെങ്കിലും മരുന്നുകള്‍, വീട്ട് വാടക, മറ്റവശ്യ കാര്യങ്ങള്‍ എന്നിവ നിവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് 2000 രൂപ നല്‍കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് പക്ഷെ മൊത്തം തൊഴിലാളികളുടെ വളരെ ചെറിയ ശതമാനമേ വരൂ. ഓട്ടോ തൊഴിലാളികള്‍ നേരിടുന്ന അടിയന്തിര പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഓരോ തൊഴിലാളിക്കും 2000 രൂപ വീതം നല്‍കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഓട്ടോറിക്ഷാ തൊഴില്‍ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.