| Thursday, 3rd January 2019, 3:44 pm

പന്തളത്ത് കര്‍മ്മസമിതി പ്രവര്‍ത്തകന്റെ മരണകാരണം തലയോട്ടിയ്‌ക്കേറ്റ ക്ഷതം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പന്തളത്ത് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരണപ്പെടാനുള്ള കാരണം തലയോട്ടിയ്‌ക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടി തകര്‍ന്ന നിലയിലായിരുന്നുവെന്നും അമിതമായ രക്തസ്രാവം ഉണ്ടായതും മരണത്തിന് കാരണമായെന്നും പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

ചന്ദ്രന്‍ ഉണ്ണിത്താന് നേരത്തെ ആന്‍ജിയോ പ്ലാസ്റ്റി ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു.

അതേസമയം ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണകാരണം ഹൃദയസ്തംഭനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഹൃദയ സ്തംഭനത്തിന്റെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ ചന്ദ്രന്‍ ഉണ്ണിത്താന്റെ മകള്‍ അഖില രംഗത്തെത്തി. തന്റെ പിതാവിന്റെ മരണ കാരണം ഹൃദയ സ്തംഭനമല്ലെന്നും ഇഷ്ടിക കൊണ്ടുള്ള ഏറില്‍ തലയോട്ടി തകര്‍ന്നിരുന്നെന്നും അഖില പറഞ്ഞിരുന്നു.

ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ ചന്ദ്രനെ വിദഗ്ദ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും വഴി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. ചന്ദ്രനെ കൂടാതെ പരിക്കേറ്റ നാലു പേര്‍ കൂടി ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ കടയ്ക്കാട് സ്വദേശി ആശാരി കണ്ണന്‍ എന്നു വിളിക്കുന്ന കണ്ണന്‍, മുട്ടാര്‍ സ്വദേശി അജു എന്നീ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more