സ്വയംഭരണത്തിന്റെ നാല് വര്‍ഷങ്ങള്‍: കേരളത്തിനെ പഠിപ്പിച്ചതെന്ത്?
Education
സ്വയംഭരണത്തിന്റെ നാല് വര്‍ഷങ്ങള്‍: കേരളത്തിനെ പഠിപ്പിച്ചതെന്ത്?
അജിത്ത് രുഗ്മിണി
Monday, 28th May 2018, 6:24 pm

ന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കുറച്ചു മുന്നേയും കേരളത്തില്‍ ഈ അടുത്ത കാലത്തും വളരെ വലിയ ചര്‍ച്ചടകള്‍ക്ക് വഴി വച്ചതായിരുന്നു Autonomous/ സ്വയംഭരണ കോളേജുകള്‍ അനുവദിച്ച തീരുമാനം. 2014 ലാണ് കേരളത്തിലെ 7 കോളേജുകള്‍ക്ക് സ്വയംഭരണ പദവി ലഭിച്ചത്. തുടര്‍ന്ന് 2015 ലും 16ലുമായി 11 കോളേജുകള്‍ക്ക് കൂടി ഈ പദവി നല്‍കുന്നു. നിലവില്‍ കേരള, എം.ജി, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ക്കു കീഴിലായി 18 സ്വയംഭരണ കോളേജുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.

ഓട്ടോണമസ് പദവി ഉന്നത വിദ്യാഭ്യാസ മേഖലയിലെ ചൂഷണത്തിന് ആക്കം കൂട്ടുമെന്ന ആശങ്ക എല്ലാ കോണുകളില്‍ നിന്നുമുയരുകയും, കേരളത്തിലെ പല ക്യാമ്പസുകളിലും സ്വയംഭരണത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാവുകയും ചെയ്തു. സ്വയംഭരണ മോഡല്‍ വിദ്യാഭ്യാസം അതിന്റെ നാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, നമ്മുടെ വിദ്യാഭ്യാസ മേഖലക്ക് അത് നല്‍കുന്ന പാഠമെന്തെന്ന് ഒരു തിരിഞ്ഞു നോട്ടം നടത്തേണ്ടത് അത്യാവശ്യമാണ്. സാമ്പത്തിക സ്വയംഭരണം നല്‍കിയിട്ടില്ലെന്നവകാശപ്പെടുമ്പോള്‍ തന്നെ സെല്‍ഫ്കം ഫിനാന്‍സിംഗ് കൊഴ്‌സുകളുടെ തള്ളിക്കയറ്റം നമ്മുടെ വിദ്യാഭ്യാസത്തിന് എന്ത് നല്‍കി? പരീക്ഷകളെങ്ങനെയാണ് സ്വയംഭരണത്തില്‍ “പരീക്ഷണങ്ങളാ”വുന്നത്?. ശാസ്ത്രീയമായ സെമസ്റ്റര്‍ സമ്പ്രദായം പോലുമില്ലാത്ത കേരളമെങ്ങനെ സ്വയംഭരണം നടപ്പിലാക്കുന്നു?. ഇതൊന്നും പരിശോധിക്കപ്പെടാത്ത പക്ഷം സ്വാശ്രയ വിദ്യാഭ്യാസം നമ്മുടെ പൊതുവിദ്യാലയങ്ങളെ വിഴുങ്ങിയ പോലൊരവസ്ഥ സ്വയംഭരണത്തിന്റെ കാര്യത്തില്‍ വിദൂരതയിലാവില്ല.

 

സ്വയംഭരണത്തിന്റെ 4 വര്‍ഷങ്ങള്‍

കയറ്റം കയറുമ്പോള്‍ നിന്ന് പോവുന്ന വാഹനത്തിന്റെ പ്രശ്‌നം കണ്ടെത്തി പരിഹരിക്കുന്നതിന് പകരം വേറെ വാഹനം വിളിച്ച് അതില്‍ കേറിപോവുകയും, പഴയതിനെ അതേ പോലെ അവിടെ നിര്‍ത്തുകയും ചെയ്യുന്ന സെല്‍ഫ്, ലോജിക്കുകളുടെ കാലത്തെ വിദ്യാഭ്യാസം പോലും അതില്‍ നിന്നും മുക്തമല്ല എന്ന് വേണം മനസ്സിലാക്കാന്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാര്യമായി ഇടപെടേണ്ട UGC പോലെയുള്ള സര്ക്കാര്‍ സംവിധാനങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ച് ഗവേഷണത്തില്‍ നിന്നടക്കം പിന്മാറുന്ന കാലത്ത്, സ്വയംഭരണ കോളേജുകളില്‍ നിന്നും നമ്മുടെ സര്‍വ്വകലാശാലകള്‍ക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ എന്നും, തിരുത്തലുകള്‍ നടന്നോ എന്നതുമാലോചിക്കേണ്ട സമയമായി. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ അനുവദിക്കപ്പെട്ട 18 സ്വയംഭരണ കോളേജുകള്‍ കേരളത്തിലെ സര്‍വ്വകലാശാലകളുടെയും അഫ്‌ലിയേറ്റഡ് കോളേജുകളുടെയും നേര്‍ക്കെിറിയുന്ന ചില ചോദ്യങ്ങളുണ്ട്. “”ഒന്നുമില്ലേലും സമയത്തിന് കോഴ്‌സ് കഴിയു”” മെന്ന ദീര്‍ഘനനിശ്വാസത്തിലേക്ക് മാത്രമായി ബിരുദ/ബിരുദാനന്തര പഠനത്തിന്റെ ലക്ഷ്യങ്ങളെ കൊണ്ടെത്തിച്ചതാരാണ്? അറ്റന്റന്‍സില്‍ തുടങ്ങി റിസല്‍ട്ട് പ്രഖ്യാപനം വരെ നീണ്ടു നില്‍ക്കുന്ന “”അപ്രത്യക്ഷ പേടിപ്പിക്കലുകളുടെ”” ഇടങ്ങളായി മാറാനുള്ള സ്വയംഭരണ സാധ്യതകളെ കാണാതിരിക്കുന്നതാരാണ്?

ഉന്നതവിദ്യാഭ്യാസത്തിന്റെ പരമോന്നത ലക്ഷ്യം അറ്റന്റന്‍സും, പരീക്ഷാ വിജയങ്ങളുമാണെന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കാന്‍ സ്വയംഭരണ കോളേജുകള്‍ക്ക് വേഗത്തില്‍ കഴിഞ്ഞു.സെമെസ്റ്റര്‍ സിസ്റ്റം നടപ്പിലായ കാലം മുതലുയരുന്ന ഇന്‍റേണല്‍ അസ്സെസ്‌മെന്‍റുമായി ബന്ധപ്പെട്ട അപാകതകളൊന്നും പരിഹരിക്കാന്‍ ഇനിയും നമ്മുടെ വിദ്യാഭ്യാസ മേഖലക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ബയോമെട്രിക് പഞ്ചിങ്ങിനു സമാനമായ മാര്‍ഗങ്ങള്‍ അറ്റന്‍റന്‍സിങ്ങില്‍ നടപ്പിലാക്കിക്കൊണ്ട് വിദ്യാര്‍ത്ഥിളോട് യുദ്ധം ചെയ്യുകയാണ് എയ്ഡഡ് മേഖലയിലെ മിക്ക സ്വയംഭരണങ്ങളും

പരീക്ഷകളല്ലേ മാറ്റാന്‍ പറ്റൂ?

കേരളത്തിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും, കേന്ദ്ര സര്‍വ്വകലാശാലകളേയും സ്വകാര്യ സര്‍വ്വകലാശാലകളെയുമെല്ലാം ചൂണ്ടി ആശ്ചര്യത്തോടെ പറയാറുള്ള ഒരു കാര്യം “പരീക്ഷയൊക്കെ സമയത്തിന് നടക്കും, റിസല്‍ട്ടും വരും ഇവിടെ മാറ്റിവയ്ക്കലൊരു ശീലമല്ലേ” എന്നതാണ്.

ഹയര്‍സെക്കണ്ടറി തലം വരെ പരീക്ഷാ നടത്തിപ്പും, റിസല്‍ട്ട് പ്രഖ്യാപനവും ശാസ്ത്രീയമായും കാര്യക്ഷമമായും നടത്തി വരുന്ന ഒരു സിസ്റ്റത്തില്‍ അവിടന്നങ്ങോട്ട് ചോദ്യംമാറലും, ഉത്തരക്കടലാസ് കാണാതാവലും, കോഴ്‌സ് കഴിയാന്‍ (തുടങ്ങാനും) വൈകലുമൊക്കെ സാധാരണമായി ചിത്രീകരിക്കപ്പെട്ടിടത്ത് കൂടിയാണ് “സ്വയംഭരണ” മെന്ന പ്രശ്‌നപരിഹാരം മുതലെടുത്ത് കുഴി മാന്തിയത്. സ്വയംഭരണ കോളേജുകളില്‍ ചേര്‍ന്നവര്‍ പി.ജി. കഴിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റിനുള്ള ഫോം പൂരിപ്പിക്കുമ്പോഴും അവസാന സെമസ്റ്റരിന്റെ പരീക്ഷ കലണ്ടര്‍ പോലും കാണാതെയാണ് മറ്റുള്ളവരിരിക്കുന്നത്. പിന്നെങ്ങനെയാണ് സ്വയംഭരണം പ്രലോഭനമാവാതിരിക്കുക?

 

കഴിഞ്ഞ നാല് വര്‍ഷ്‌ത്തെ സ്വയംഭരണാനുഭവത്തില്‍ നിന്നും നമ്മുടെ സര്‍വ്വകലാശലകള്‍ പഠിച്ച ഏറ്റവും വലിയ പാഠം സമയബന്ധിതമായി കോഴ്‌സുകള്‍ നടത്തിതീര്‍ക്കേണ്ടതിന്റെ പ്രാധാന്യമാണ്. നിരവധിയായ കാരണങ്ങളാണ് കോഴ്‌സ് വൈകുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് പറയാനുള്ളത്. അതിലേറ്റവും പ്രധാനം അശാസ്ത്രീയമായി നടപ്പിലാക്കപ്പെട്ട സെമസ്റ്റര്‍ സിസ്റ്റമാണ്. കേരളത്തിലെ ഭൂരിഭാഗം സര്‍വ്വകലാശാലകളും പിന്തുടര്‍ന്ന് വരുന്ന വെക്കേഷന്‍ പാറ്റേണ്‍ നിലവിലെ സെമസറ്റര്‍ സിസ്റ്റവുമായി യോജിച്ചു പോവുന്നതല്ല. മദ്ധ്യ വേനലവധി എന്ന് നാം വിളിച്ചു പോരുന്ന ഏപ്രില്‍-മെയ് മാസങ്ങളിലെ അവധി കാരണം, 2,4,6 സെമസ്റ്ററുകളില്‍ നാലു മാസം മാത്രം ക്ലാസുകള്‍ ലഭിക്കുന്ന സ്ഥിതി വരികയും, അത് സ്വാഭാവികമായി കോഴ്‌സ് വൈകുന്നത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അതേ സമയം കേരളത്തിലെ, കാലടി ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാല ഉള്‍പ്പടെയുള്ളവര്‍ സെമസ്റ്റര്‍ ബ്രൈക്ക് കൃത്യമായി പിന്തുടരുന്നുണ്ട്.

നമ്മുടെ ഓട്ടോണമസ് കോളേജുകള്‍ പലതും സെമസ്റ്റര്‍-വെക്കേഷന്‍ സിസ്റ്റത്തിലെ ഈ അപാകതകള്‍ പരിഹരിക്കാതെ തന്നെയാണ് കോഴ്‌സുകള്‍ സമയബന്ധിതമായി തീര്‍ക്കുന്നു എന്നവകാശപ്പെടുന്നത്. അപ്പോള്‍ സ്വാഭാവികമായും വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും, മറ്റു കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും  ക്വാമ്പസില്‍ സ്ഥാനമില്ലാതെ വരുമെന്നുറപ്പ്. കോളേജ് യൂണിയന്‍-കലാപ്രവര്‍ത്തനങ്ങള്‍ക്ക് “സമയമില്ലെന്ന” ന്യായം പറഞ്ഞ് അനുമതി നിഷേധിക്കുകയും യുണിവേഴ്‌സിറ്റി കലോത്സവങ്ങളുള്‍പ്പടെ “ആരാരുമില്ലാതെ” വെക്കേഷനില്‍ നടന്നു വരുന്നതും ഒട്ടോണമസ് കാലത്തെ പതിവ് കാഴ്ചകളാണ്.

 

സ്വയംഭരണ കോളേജുകള്‍ സമയബന്ധിതമായി കോഴ്‌സുകള്‍ തീര്‍ക്കുന്നു എന്നവകാശപ്പെടുമ്പോള്‍, പോരായ്മകള്‍ പരിഹരിച്ച് സര്‍വ്വകലാശാല-അനുബന്ധ കോളേജുകള്‍ക്ക് അതിന് കഴിയാതെ വരുന്നുണ്ടെങ്കില്‍ പരിശോധിക്കപ്പെടണം. ഒരു കോഴ്‌സ് പൂര്‍ത്തികയാവാന്‍ വൈകുന്നത് കാരണം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അക്കാദമിക വര്‍ഷം കളഞ്ഞു പോവുന്നത്, ഒട്ടും നല്ല ലക്ഷണമല്ലല്ലോ? നിലവില്‍ വെക്കേഷന്‍/സിലബസ് ഏകീകരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന  ചര്‍ച്ചകളെ വലിയ പ്രതീക്ഷകളോടെയാണ് അക്കാദമിക സമൂഹം നോക്കിക്കാണുന്നത്.

അതേ സമയം, പരീക്ഷകളുടെ ധാരാളിത്തമാണ് സ്വയംഭരണ കോളേജുകളിലെന്നും മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലകള്‍ പാലിക്കാറുള്ള സ്വകാര്യതയും സുതാര്യതയുമെല്ലാം കാറ്റില്‍ പറത്തുന്നുവെന്ന ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. രാഷ്ട്രീയവും വ്യക്തിപരവുമായ പകപോക്കലുകള്‍ക്ക് പരീക്ഷ നല്ലൊരു ടൂളായി മാറുന്നുവെന്നും, പരാതി പരിഹാര സെല്ലുകള്‍ പോലും കാര്യക്ഷമമല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

 

പണം വാരുന്ന സ്വാശ്രയ വഴികള്‍

അക്കാദമിക സ്വാതന്ത്ര്യം മാത്രമാണ് നല്‍കുന്നതെന്നും സാമ്പത്തിക കാര്യങ്ങളില്‍ സ്വയംഭരണ കോളേജുകള്‍ക്ക് നിയന്ത്രണങ്ങളുണ്ടെന്നുമാണ് ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളിലുമുയര്‍ന്നു വന്ന പ്രധാന വാദം. സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്ന നിയമങ്ങളിലൊന്നാണ് ഇതെന്ന വാദമാണ് ഓട്ടോണമസ് കോളേജുകള്‍ക്കുള്ളത്. സാമ്പത്തിക സ്വയംഭരണ പദവി ചര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ തന്നെ, പുതുതായി ആരംഭിക്കുന്ന സെല്‍ഫ് ഫിനാന്‌സിംഗ് കോഴ്‌സുകളുടെ ഫീസ്, പി.ടി.എ ഫണ്ട്, ഹോസ്റ്റല്‍ വാടക തുടങ്ങിയ മേഖലകളില്‍ സ്വയംഭരണ കോളേജുകള്‍ വന്‍ സാമ്പത്തിക പിഴിച്ചില്‍ നടത്തുന്നതായി വലിയ പരാതികളുയര്‍ന്നു കഴിഞ്ഞു. ഹോസ്റ്റല്‍ വാടകയില്‍ ഉള്‍പ്പെടുന്ന ഇലക്ട്രിസിറ്റി ബില്ലിന് പുറമേ, ഓരോ തവണ ലാപ്‌ടോപ് ചാര്‍ജ്ജ് ചെയ്യാനും പ്രത്യേക ഫൈന്‍ വാങ്ങുന്ന, ഓരോ വര്‍ഷവും ഫീസ് കുത്തനെ കൂട്ടുന്ന, പെണ്‍കുട്ടികള്‍ 4 മണിക്ക് മുന്നേ കയറേണ്ട ഹോസ്റ്റലുകളൊക്കെ സുലഭമായ സ്വയംഭരണങ്ങളുള്ളിടത്ത് അത്തരം സാധ്യതകളെ തള്ളിക്കളയാനാവില്ല.

സ്വാശ്രയ വിദ്യാഭ്യാസം കച്ചവടത്തിന്റെ കൂത്തരങ്ങായി മാറിയിടത്താണ് “സെല്‍ഫ് ഫിനാന്‍സിംഗ്” എന്ന പേരില്‍ വീണ്ടും അത്തരം കോഴ്‌സുകള്‍ തുടങ്ങാനുള്ള അനുമതി ലഭ്യമാവുന്നത് എന്നതാണ് പ്രശ്‌നം. നമ്മുടെ സര്‍വ്വലാശാലകളുള്‍പ്പെടെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സെല്‍ഫ് ഫിനാന്‍സിംഗ് മേഖലയിലാണ് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ ആരംഭിക്കുന്നത്. വളരെ കുറച്ചു കോളേജുകളില്‍ മാത്രമുള്ള പല കോഴ്‌സുകളും നിരന്തരമായ വിദ്യാര്‍ത്ഥി സമ്മര്‍ദ്ദത്തിന്റെ ഫലമായി അനുവദിച്ച് ലഭിക്കുമ്പോഴും അത് സെല്‍ഫ് ഫിനാന്‍സിംഗ് മേഖലയിലേക്ക് എത്തിക്കുന്നതിനുള്ള മത്സരം നടക്കുന്നു.

 

അമിതമായ ഫീസ് വാങ്ങുമ്പോഴും, അതിനനുസൃതമായ സൗകര്യങ്ങളൊരുക്കാതെ, അധ്യാപകര്‍ക്ക് പോലും മാന്യമായ ശമ്പളം നല്‍കായതെയാണ് സെല്‍ഫ് ഫിനാന്‍ സിംഗ് എന്ന മെക്കാനിസം പ്രവര്‍ത്തിക്കുന്നത്. കോളേജുകള്‍ക്ക് സ്വയം സാമ്പത്തികം കണ്ടെത്താനുള്ള വഴിയായാണ് സെല്‍ഫ് ഫിനാന്‍സിംഗ് വാതില്‍ തുറന്നത്. എന്നാല്‍ ഒരു ശരാശരി വിദ്യാര്‍ത്ഥിക്ക് താങ്ങാവുന്നതിലപ്പുറമുള്ള ഫീസ് നിശ്ചയിക്കുന്നതിലൂടെ വിദ്യാഭ്യാസത്തിലെ “വരേണ്യവല്‍ക്കരണം” നടപ്പിലാക്കല്‍ എളുപ്പമായി. സാമ്പത്തിക സ്വയംഭരണമില്ലാത്തതിനാല്‍ തങ്ങളുടെ നിലനില്‍പ്പിനുള്ള ഏക വഴിയിതാണെന്ന തരത്തില്‍ ഒട്ടോണമസ് കോളേജുകള്‍, സര്‍വ്വകലാശാലകളില്‍ എപ്പഴേ സമ്മര്‍ദ്ദം ചെലുത്തിതുടങ്ങി.

വിവിധങ്ങളായ സാമൂഹിക ലക്ഷ്യങ്ങളോടെ നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ കൈവെച്ച എയ്ഡഡ് സമ്പ്രദായം, നിയമനത്തിനും മറ്റും ലക്ഷങ്ങള്‍ വാങ്ങുന്ന കച്ചവട വാതിലുകളായ അനുഭവം നമ്മുടെ മുന്നിലുണ്ട്. മോണിട്ടറിംഗ്/റിവ്യൂ സംവിധാനങ്ങള്‍ കാര്യക്ഷമമായില്ലെങ്കില്‍ വിദ്യാര്‍ത്ഥി വിരുദ്ധതകളിലേക്കും, കച്ചവടത്തിലേക്കും തെന്നിമാറാനുള്ള പഴുതുകള്‍ ധാരാളമുള്ള സംവിധാനമാണല്ലോ നമുക്ക് വിദ്യാഭ്യാസം. ഉള്ളില്‍ നിന്നുയരുന്ന എല്ലാതരം വിദ്യര്‍ത്ഥി പ്രതിഷേധങ്ങളെയും ഇരു ചെവിയറിയാതെ ഒതുക്കാന്‍ നമ്മുടെ സ്വയംഭരണ സംവിധാനങ്ങളെല്ലാം പഠിച്ചു കഴിഞ്ഞിട്ടുണ്ട്.

 

ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ വാങ്ങുന്നതിലേറെ ഫണ്ട് സി.സി.ടി.വി സ്ഥാപിക്കുന്നതിനവര്‍ സ്വരൂപിച്ച് കഴിഞ്ഞു, യൂണിഫോമുകളില്‍ അച്ചടക്കം നടപ്പാക്കി കഴിഞ്ഞു.വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തളനങ്ങള്‍ക്ക് ഫണ്ട്/അനുമതി നല്‍കിയില്ലെങ്കില്‍ പോലും സെലിബ്രിറ്റി /ബിസിനസ്സ് മീറ്റുകള്‍ക്ക് സ്വയംഭരണത്തില്‍ വേണ്ടുവോളം സ്ഥാനം കിട്ടി തുടങ്ങി.

യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കാണാതെ, പഴയ വീഞ്ഞ് പുതിയ കുപ്പികളിലെത്തിക്കുന്ന “ഡിസ്‌പ്ലേ ലോജിക്” നമ്മുടെ വിദ്യാഭ്യാസത്തിന് ഒന്നും നല്‍കില്ലെന്ന് സെമസ്റ്റര്‍ സമ്പ്രദായത്തില്‍ നിന്ന് തന്നെ നാം മനസ്സിലാക്കിയതാണ്. ഒരു ഭാഗത്ത് ഓട്ടോണമസ് വരെയെത്തി നില്‍ക്കുന്ന നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ മറ്റൊരു വശത്ത് പ്രശ്‌നങ്ങളുടെ കൂമ്പാരത്തില്‍ കയറിയിരിക്കുന്ന റെഗുലര്‍-പാരലല്‍ സമ്പ്രദായമുണ്ട്. വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാവാത്ത ഒരു പരിഷ്‌ക്കാരത്തിനും കൂടുതല്‍ കാലം നിലനില്‍പ്പുണ്ടാവാന്‍ സാധ്യതയില്ല. നൂറു ശതമാനം സാക്ഷരതയുള്ള ഒരു സമൂഹത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണം സര്‍ക്കാരിന് ഒരു “യജ്ഞ”മായി ഏറ്റെടുക്കേണ്ടി വന്നതുപോലെ, പൊതുമേഖലാ ഉന്നതവിദ്യാഭ്യാസ സംരക്ഷണം ഒരു ഹിമാലയന്‍ ടാസ്‌ക് ആവാതിരിക്കാന്‍ സര്‍വ്വകലാശാലകളില്‍ ഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കട്ടെ.”സ്വാശ്രയ”മെന്ന വാക്കൊന്നും ഒരു ശരാശരി മലയാളിക്ക് ആശ്രയമല്ലാതായി മാറിയെന്ന തിരിച്ചറിവുണ്ടാക്കാന്‍ ഒട്ടോണമസ് നമ്മളെ സഹായിക്കും.

അജിത്ത് രുഗ്മിണി
ഗവേഷക വിദ്യാര്‍ത്ഥി