| Thursday, 30th January 2014, 7:39 am

ഓട്ടോ നികുതി പിന്‍വലിച്ചു, ക്ഷേമ പെന്‍ഷന്‍ കൂട്ടി: ബജറ്റില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ച അധികനികുതി പിന്‍വലിച്ചു. എല്ലാ ക്ഷേമപെന്‍ഷനുകള്‍ക്കും  നേരത്തെ പ്രഖ്യാപിച്ച വര്‍ധനയ്ക്ക് പുറെമ നൂറ് രൂപ കൂടി കൂട്ടി.

നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് ധനമന്ത്രി കെ.എം മാണി മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.

ഓട്ടോറിക്ഷകള്‍ക്ക് ലംപ്‌സം നികുതി അഞ്ച് വര്‍ഷമാണ്. അത് 2000ത്തില്‍ നിന്ന് 2500 രൂപയാക്കി ഉയര്‍ത്താനും നിലവിലുള്ള ഓട്ടോറിക്ഷകള്‍ക്കുകൂടി ബാധകമാക്കാനുമാണ് ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതിനെതിരെ വ്യാപക ജനാഭിപ്രായം ഉയര്‍ന്നത് കണക്കിലെടുത്താണ് 25 കോടി രൂപയുടെ അധികനികുതി പിന്‍വലിച്ചത്.

കാര്‍ഷിക കടങ്ങള്‍ക്ക് ബാങ്കുമായി ഗഹാന്‍ ഉടമ്പടി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഏര്‍പ്പെടുത്തിയ നികുതി റദ്ദാക്കി. 100 വിദ്യാര്‍ത്ഥികളിലേറെയുള്ള സ്‌പെഷല്‍ സ്‌കൂളുകളെ എയ്ഡഡ് ആക്കും.

വ്യാപാരികള്‍ വില്പനബില്‍ നല്‍കാത്തതിന് പുതുതായി ഏര്‍പ്പെടുത്തിയ ക്രിമിനല്‍ നടപടിക്കും പ്രോസിക്യൂഷനുമുള്ള വ്യവസ്ഥയും പിന്‍വലിച്ചു.

പാകംചെയ്ത ഭക്ഷണത്തിന് ഉയര്‍ന്ന നിരക്ക് ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം പഞ്ചനക്ഷത്ര ഹോട്ടലുകളിലും വിമാനം, കപ്പല്‍ എന്നിവയിലും നല്‍കുന്ന ഭക്ഷണത്തിന് മാത്രമായി പരിമിതിപ്പെടുത്തി.

ഇതേസമയം സിഗററ്റിന്റെയും സമാന ഉല്‍പന്നങ്ങളുടെയും നികുതി നിലവിലെ 20 ശതമാനത്തില്‍നിന്ന് 22.5 ശതമാനമായി ഉയര്‍ത്തും.

അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും പ്രതിഫലം 2000 രൂപയായി ഉയര്‍ത്തി. നിലവില്‍ 1400 രൂപയാണുള്ളത്. 1600 ആക്കാനാണ് ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നത്. ആശാവര്‍ക്കര്‍മാരുടെ പ്രതിഫലം 700 രൂപയില്‍ നിന്ന് 1000  രൂപയാക്കി.

അഗതി മന്ദിരത്തില്‍ കഴിയുന്നവരുടെ ഭക്ഷണത്തിനുള്ള ഗ്രാന്റ് 800ല്‍ നിന്ന് 1000 രൂപയായി വര്‍ധിപ്പിച്ചു. പ്രവാസികളുടെ പുനരധിവാസത്തിന് 10 കോടി രൂപ നീക്കിവെച്ചത് 50 കോടിയായി വര്‍ധിപ്പിച്ചു. മത്സ്യത്തൊഴിലാളി കടാശ്വാസത്തിന് ഒരു കോടി നീക്കിവെച്ചത് 10 കോടിയായി വര്‍ധിപ്പിച്ചു.

റബ്ബര്‍ സംഭരണത്തില്‍ ഇടപെടാന്‍ 10 കോടി രൂപ നീക്കിവെച്ചു. ഗവ. കോളേജില്ലാത്ത പത്തനംതിട്ടയില്‍ ഗവ. കോളേജ് സ്ഥാപിക്കും. മലപ്പുറത്ത് വനിതാ കോളേജും അനുവദിക്കും. ഗ്രാമപ്പഞ്ചായത്തുകളുടെ പി.എച്ച്.സികളില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വന ചികിത്സാ നഴ്‌സുമാര്‍ക്ക് 6000 രൂപയില്‍നിന്ന് 8000 രൂപയായി വേതനം വര്‍ധിപ്പിച്ചു.

അയ്യങ്കാളിയുടെ ജന്മശതാബ്ദി പ്രമാണിച്ച് കെ.പി.എം.എസിന് കൊല്ലത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അനുവദിക്കും. ഇതിനായി രണ്ട് ലക്ഷം രൂപ നീക്കിവെച്ചു.

എരുമേലി, പന്തളം, ചെങ്ങന്നൂര്‍, പമ്പ തുടങ്ങിയ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു. നീലേശ്വരത്ത് ഇ.എം.എസ്. സ്‌റ്റേഡിയത്തിന് അഞ്ച് കോടി രൂപയടക്കം സ്മാരകങ്ങള്‍, സ്‌റ്റേഡിയങ്ങള്‍, റോഡുകള്‍ തുടങ്ങിയ പദ്ധതികള്‍ക്ക് പുതുതായി കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടുണ്ട്.

എക്‌സെസ് വകുപ്പിന്റെ മദ്യവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയായ മദ്യമുക്ത കേരളം പദ്ധതിയ്ക്ക് ഒരു കോടി നല്‍കും. എക്‌സൈസ് അക്കാദമിയ്ക്ക് 50 ലക്ഷവും അനുവദിച്ചു.

മാണിയുടെ മറുപടിപ്രസംഗത്തിനിടെ നിയമസഭയില്‍ വിവിധ അംഗങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അപ്പോള്‍ തന്നെ അംഗീകരിച്ച് പ്രഖ്യാപിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more