[]കൊച്ചി: കൊച്ചി നഗരത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരം വ്യാപകമാക്കുന്നതിന്റെ ഭാഗമായി എറണാകുളം നഗരത്തിലും ഓട്ടോ തൊഴിലാളികള്‍ പണി മുടക്കുന്നുണ്ട്.
ഇന്നലെ രാത്രി കളക്ടറുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിനെ തുടര്‍ന്നാണ് സമരം ജില്ല മുഴുവന്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. സമരക്കാരുമായി കളക്ടര്‍ അടുത്ത ദിവസം വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്.
മീറ്റര്‍ വെച്ച് തന്നെ ഓട്ടോകള്‍ സര്‍വീസ് നടത്തണമെന്ന പോലീസ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ കളക്ടര്‍ വൈമുഖ്യം കാട്ടിയ സാഹചര്യത്തില്‍ അനിശ്ചിതകാല സമരം ജില്ലാ വ്യാപകമായി ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായി ഓട്ടോറിക്ഷ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹി ആര്‍. രഘുരാജ് പറഞ്ഞു.
മീറ്റര്‍ പരിശോധനയുടെ പേരിലുള്ള പോലീസ് പീഡനം അവസാനിപ്പിക്കുക, സിറ്റി പരിധി നിര്‍ശ്ചയിക്കുക, അശാസ്ത്രീയമായ മീറ്റര്‍ ചാര്‍ജ് സംവിധാനം ഉപേക്ഷിക്കുക, പ്രീപെയ്ഡ് സംവിധാനം വ്യാപിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണു തൊഴിലാളികള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചത്.
ഇന്നലെ സര്‍വീസ് നടത്തിയ ചില ഓട്ടോ ഡ്രൈവര്‍മാരെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്നും ഓട്ടോക്കാര്‍ സര്‍വീസ് നടത്തുന്നുണ്ട്.