കൊച്ചിയില്‍ ഓട്ടോ സമരം അവസാനിച്ചു: ഇനി ഓട്ടം മീറ്ററില്‍
Kerala
കൊച്ചിയില്‍ ഓട്ടോ സമരം അവസാനിച്ചു: ഇനി ഓട്ടം മീറ്ററില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th February 2014, 6:53 am

[]കൊച്ചി: കൊച്ചിയില്‍ നാലു നാള്‍ സാധാരണക്കാരെ വലച്ച ഓട്ടോ സമരം അവസാനിച്ചു.

കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. മീറ്റര്‍ നിരക്കില്‍ ഓടാമെന്ന് ചര്‍ച്ചയില്‍ ഓട്ടോ തൊഴിലാളികള്‍ കളക്ടര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

അമിത നിരക്ക് ഈടാക്കിയാല്‍ വണ്ടിയുടെ ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കാനുള്ള നടപടി ചര്‍ച്ചയില്‍ തൊഴിലാളികള്‍ അംഗീകരിച്ചു.

ദൂരപരിധിയെ കുറിച്ച് പഠിയ്ക്കുന്നതിന് സമിതിയെ രൂപീകരിയ്ക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.

നേരത്തേ സമരം നാലാം ദിവസം കടന്ന സാഹചര്യത്തില്‍ കൊച്ചി മേയര്‍ ടോണി ചമ്മണി ഓട്ടോ തൊഴിലാളികളുമായി ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍ ആവശ്യങ്ങളിലൊന്നും ധാരണയാവാഞ്ഞതിനെ തുടര്‍ന്ന് ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഇതിനെ  തുടര്‍ന്നാണ് കളക്ടര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.

മീറ്ററിട്ട് ഓടുന്നതിന് ദൂരപരിധി നിശ്ചയിയിക്കുക, മീറ്റര്‍ പരിശോധനയുടെ പേരില്‍ പോലീസ് നടത്തുന്ന പീഡനം അവസാനിപ്പിയ്ക്കുക, മിനിമം ചാര്‍ജിനുള്ള ദൂരം അഞ്ച് കിലോമീറ്ററാക്കി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്.

ഇതില്‍ പോലീസ് പരിശോധനയുടെ കാര്യത്തിലും ദൂരപരിധിയുടെ കാര്യത്തിലും ഉടന്‍ നടപടിയുണ്ടാവുമെന്ന് കളക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചത്.

ഓട്ടോ സമരം നാലു ദിനം നീണ്ടതോടെ കൊച്ചിയിലെ സാധാരണക്കാര്‍ ദുരിതത്തിലായിരുന്നു. ഇവര്‍ക്കു പുറമേ ടൂറിസ്റ്റുകളും സമരത്തില്‍ കുടുങ്ങിയിരുന്നു.