| Sunday, 16th October 2022, 7:02 pm

'നരബലി ഭവന സന്ദര്‍ശനം 50 രൂപ': ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് ഓട്ടോ സര്‍വീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: നരബലി നടന്ന പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് സര്‍വീസുമായി ഓട്ടോ ഡ്രൈവര്‍. ‘നരബലി ഭവന സന്ദര്‍ശനം 50 രൂപ’ എന്നെഴുതിയ സ്റ്റിക്കറാണ് ഗിരീഷ് തന്റെ ഓട്ടോയ്ക്ക് മുന്നില്‍ ഒട്ടിച്ചിരിക്കുന്നത്.

നരബലിയെത്തുടര്‍ന്ന് ദൂരദേശങ്ങളില്‍ നിന്നുള്ളവര്‍ പോലും ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് എത്തുന്നുണ്ട്. കാഴ്ച കാണാന്‍ എത്തുന്നവരെ വഴിതെറ്റാതെ കൊണ്ടുപോകാനാണ് താന്‍ ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് ഓട്ടോ ഡ്രൈവര്‍ പറയുന്നത്.

ഞായറാഴ്ച ഒരു ദിവസത്തെ ഓട്ടോ സര്‍വീസില്‍ നിന്ന് തനിക്ക് 1,200 രൂപയുടെ ഓട്ടം കിട്ടിയെന്നും ഡ്രൈവര്‍ ഗിരീഷ് ട്വന്റി ഫോര്‍ ന്യൂസിനോട് പറഞ്ഞു.

‘കേരളത്തിലെ പല ജില്ലകളില്‍ നിന്നും ഇലന്തൂരിലേക്ക് ആളുകള്‍ എത്തുന്നുണ്ട്. ഞായറാഴ്ച ആയതുകൊണ്ട് ഒരുപാട് ആളുകള്‍ വന്ന് വഴി ചോദിച്ചു, അങ്ങനെയാണ് ഞാന്‍ ഈ പോസ്റ്റര്‍ വണ്ടിയില്‍ ഒട്ടിച്ചത്,’ ഓട്ടോ ഡ്രൈവര്‍ ഗിരീഷ് പറഞ്ഞു.

അതേസമയം, നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട് കനത്ത പൊലീസ് സുരക്ഷയില്‍ തന്നെയാണ്. കഴിഞ്ഞ ദിവസം ലഭിച്ച തെളിവുകള്‍ ക്രോഡീകരിച്ച് വിലയിരുത്തിയ ശേഷം പ്രതികളെ വീണ്ടും ഇലന്തൂരില്‍ എത്തിച്ചാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം പ്രതികളെ ഇലന്തൂരിലെ വീട്ടില്‍ എത്തിച്ച് മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടേതെന്ന് സംശയിക്കുന്ന രക്തക്കറ, ശരീരഭാഗങ്ങള്‍, അടക്കം 40ലേറെ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇവ വിശദമായ പരിശോധനക്ക് അയക്കും.

പത്മയെയും റോസിലിയെയും കൊലപ്പെടുത്താന്‍ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളില്‍ എത്തിച്ചാകും ഭഗവല്‍ സിങിന്റെ തെളിവെടുപ്പ് നടക്കുകയെന്നാണ് വിവരം. പ്രതികളില്‍ നിന്ന് കൂടുതല്‍ സ്ത്രീകളെ ഉപദ്രവിച്ചതിന്റെ വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്ന് പ്രത്യേക സംഘം വ്യക്തമാക്കി.

Content Highlight: Auto service to house of accused Bhagval Singh in human sacrifice case

We use cookies to give you the best possible experience. Learn more