| Wednesday, 24th November 2021, 7:52 am

പൊലീസുകാരന്റെ വീടിന് മുന്നില്‍ ഓട്ടോ നിര്‍ത്തിയിട്ടു; ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം, കണ്ണിന് പരിക്ക്; പൊലീസ് നടപടി വൈകുന്നെന്ന് ആക്ഷേപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വീടിന് മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടതിന് പൊലീസുകാരന്‍ ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. പുത്തന്‍കുരിശ് പത്താംമൈല്‍ സ്വദേശിയായ മുരളീകൃഷ്ണനെയാണ് പട്ടിമറ്റം സ്റ്റേഷനിലെ പൊലീസുകാരന്‍ മര്‍ദ്ദിച്ചത്. മുരളീകൃഷ്ണന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് മുരളീകൃഷ്ണനെ പൊലീസുകാരന്‍ മര്‍ദ്ദിച്ചത്. യാത്രയ്ക്കിടെ ഓട്ടോറിക്ഷ കേടായത് കാരണം സമീപത്തുള്ള വീടിനടുത്തേക്ക് വാഹനം നീക്കിയിടുകയായിരുന്നു. തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പിലേക്ക് പോകാനിരിക്കുമ്പോഴാണ് പൊലീസുകാരന്‍ എത്തിയത്.

തന്റെ വീടിന് സമീപം ഓട്ടോ നിര്‍ത്തിയി്ട്ടതിനെച്ചൊല്ലി പൊലീസുകാരന്‍ മുരളീകൃഷ്ണനുമായി തര്‍ക്കിക്കുകയായിരുന്നു. വാക്കുതര്‍ക്കത്തിനിടെ പൊലീസുകാരന്‍ മുരളീകൃഷ്ണന്റെ മുഖത്തടിച്ചെന്നാണ് പരാതി.

കണ്ണിന് ഗുരതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആദ്യം വടവുകോടും, പിന്നീട് തൃപ്പൂണിത്തുറയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. പിന്നീട് കണ്ണിന്റെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

”വഴി നല്ല വീതിയുള്ള വഴിയാ. പുള്ളി ഒരു പത്ത് മിനിറ്റ് സാവകാശം തന്നാല്‍ മതിയായിരുന്നു. അത് പറയാനുള്ള സാവകാശം പോലും തന്നില്ല,” മുരളീകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസിലാണ് പരാതി നല്‍കിയിട്ടുള്ളത്. പൊലീസ് മൊഴിയെടുത്തെങ്കിലും തുടര്‍നപടികള്‍ വൈകിക്കുന്നെന്നും ആക്ഷേപമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷാ തൊഴിലാളികള്‍ ചൊവ്വാഴ്ച വൈകുന്നേരം പത്താം മൈലില്‍ പ്രകടനം നടത്തിയിരുന്നു.

Photo credit: asianet news

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Auto rickshaw driver was attacked by policeman for parking it near his house

We use cookies to give you the best possible experience. Learn more