[]കൊച്ചി: കൊച്ചിയില്‍ ഓട്ടോ തൊഴിലാളികള്‍ നടത്തുന്ന പണിമുടക്കില്‍ പങ്കെടുക്കാതെ സര്‍വീസ് നടത്തിയ ഡ്രൈവര്‍ക്ക് സമരാനുകൂലികളുടെ മര്‍ദനം.
ഓട്ടോ തൊഴിലാളികളുടെ അനിശ്ചിതകാല സമരം രണ്ടാം ദിവസത്തിലേക്ക് കടക്കവേയാണ് പാലാരിവട്ടത്ത് സര്‍വീസ് നടത്തിയ ഡ്രൈവറെ സമരാനുകൂലികള്‍ മര്‍ദ്ദിച്ചത്.
മീറ്റര്‍ വെച്ച് തന്നെ ഓട്ടോകള്‍ സര്‍വീസ് നടത്തണമെന്ന പോലീസിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് കൊച്ചി നഗരത്തിലെ ഒരു വിഭാഗം ഓട്ടോറിക്ഷാ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.
മീറ്റര്‍ പരിശോധന അവസാനിപ്പിക്കുക, നിരക്കു വര്‍ധിപ്പിക്കുക, പ്രീ പെയ്ഡ് സംവിധാനം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഓട്ടോ ഡ്രൈവേഴ്‌സ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പണിമുടക്കുന്നത്.
പാലാരിവട്ടത്ത് സര്‍വീസ് നടത്തുന്ന മറ്റ് ഓട്ടോറിക്ഷകളെയും സമരാനുകൂലികള്‍ തടഞ്ഞു. സമരം പൊളിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും ഒരാളെപ്പോലും സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്നും സമരാനുകൂലികള്‍ പറഞ്ഞു.
സമരത്തിന്റെ ആദ്യദിവസം കൊച്ചി നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ സമരാനുകൂലികള്‍ അക്രമം നടത്തിയിരുന്നു. നിരത്തിലിറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും നേരെ പലയിടത്തും കൈയേറ്റമുണ്ടായി.
അതേസമയം ഓട്ടോ ഡ്രൈവര്‍മാരും ജനങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ വന്‍ പോലീസ് സന്നാഹം തന്നെ തമ്പടിച്ചിട്ടുണ്ട്.