| Sunday, 8th July 2018, 1:19 pm

അഭിമന്യു വധം; പ്രതികള്‍ രക്ഷപ്പെട്ടത് തന്റെ വാഹനത്തിലെന്ന വെളിപ്പെടുത്തലുമായി ഓട്ടോഡ്രൈവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മഹാരാജാസ് കോളേജില്‍ കുത്തേറ്റ് കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍ രംഗത്ത്. കോളേജില്‍ അക്രമം നടത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ടത് തന്റെ ഓട്ടോയിലാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

കേസിലെ പ്രധാന സാക്ഷിയാണ് ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുലര്‍ച്ചെയാണ് ജോസ് ജംഗ്ഷനില്‍ നിന്ന് ഒരു സംഘം ഓട്ടം വിളിച്ചെത്തിയത്. ഇവര്‍ തോപ്പുംപടിയിലാണ് ഇറങ്ങിയത്.

ഈ കൂട്ടത്തില്‍ 4 പേരാണുണ്ടായിരുന്നത്. ഒരാള്‍ക്ക് ഷര്‍ട്ട് ഉണ്ടായിരുന്നില്ല. ഫൂട്‌ബോള്‍ കാണുന്നതിനിടെ അടിപിടിയായെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്.


ALSO READ: അഭിമന്യു കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍; അറസ്റ്റിലായത് എസ്.ഡി.പി.ഐ നേതാവ്


കൂട്ടത്തിലെ എല്ലാവര്‍ക്കും 25 ല്‍ താഴെയാണ് പ്രായമെന്നും ഓട്ടോഡ്രൈവര്‍ വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാല്‍ ഓട്ടോഡ്രൈവറുടെ പേര് പുറത്തുവിട്ടിട്ടില്ല.

അതേസമയം കേസിലെ പ്രതികളെ സഹായിച്ച രണ്ടുപേര്‍ ഇന്നലെ അറസ്റ്റിലായിട്ടുണ്ട്. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി കല്ലറയ്ക്കല്‍ പറമ്പില്‍ നവാസ്, ജഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

സംഭവവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളജ് വിദ്യാര്‍ഥികളായ അറസ്റ്റിലായ പ്രതി ഫറൂക്ക്, ഒളിവില്‍ പോയ എ.ഐ മുഹമ്മദ് എന്നിവരെ കോളജില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. പുറത്തുനിന്നുള്ള പ്രതികളെ ക്യാമ്പസിലേക്കു കൊണ്ടുവന്നത് മുഹമ്മദാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

കൂടാതെ കൊല്ലപ്പെട്ട ദിവസം രാവിലെ മുതല്‍ അഭിമന്യുവിനെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ചതും മുഹമ്മദാണെന്നാണ് സൂചന. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ ഇടുക്കി വട്ടവടയിലേക്കു പോയ അഭിമന്യുവിനെ ഏറണാകുളത്തുനിന്നും തുടര്‍ച്ചയായി ഫോണില്‍ വിളിച്ചതായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.


ALSO READ: ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകം: ജാമ്യം ലഭിച്ച പ്രതികള്‍ക്ക് കേന്ദ്രമന്ത്രിയുടെ സ്വീകരണം


ഇത് മുഹമ്മദാണോയെന്ന് ഉറപ്പുവരുത്താന്‍ അഭിമന്യുവിന്റെ ഫോണ്‍ വിളികളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം സൈബര്‍ സെല്‍ നടത്തുന്നുണ്ട്. മഹാരാജാസ് കോളജിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥിയാണ് മുഹമ്മദ്.

We use cookies to give you the best possible experience. Learn more