| Friday, 22nd November 2019, 12:01 pm

താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഷെഹ്‌ലയുടെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ഓട്ടോ ഡ്രൈവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഷെഹ്‌ലയുടെ നില അതീവ ഗുരുതരമായിരുന്നുവെന്ന് ഷെഹ്‌ലയെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍. കുട്ടിക്ക് സംസാരിക്കാന്‍പോലും കഴിയുമായിരുന്നില്ലെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

കുട്ടി അപകടത്തിലാണെന്ന് അറിഞ്ഞതുകൊണ്ടാണ് ലൈറ്റിട്ട് വേഗത്തില്‍ വണ്ടിയോടിച്ചു ആശുപത്രിയിലെത്തിച്ചതെന്നും ആ ജാഗ്രത പോലും ഡോക്ടര്‍മാര്‍ കാണിച്ചില്ലെന്നും ഡ്രൈവര്‍ പറഞ്ഞു.

‘സ്‌കൂളില്‍ നിന്നും കുട്ടിയെ എടുത്തുകൊണ്ട് വരുന്നതാണ് ഞാന്‍ കാണുന്നത്. നേരെ അസംപ്ഷന്‍ ഹോസ്പിറ്റലിലേയ്ക്കാണ് കൊണ്ടുപോയത്. അവിടെ പോയപ്പോള്‍ പറഞ്ഞത് അതിന്റെ മരുന്ന് അവിടെ ഇല്ല, വേഗം സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനാണ്. ഇവിടെ എത്തുമ്പോഴേ കുട്ടിക്ക് സംസാരിക്കാന്‍ പറ്റില്ലായിരുന്നു. വല്ലാത്ത അവസ്ഥയിലായിരുന്നു.’ ഡ്രൈവര്‍ പറഞ്ഞു.

ഷഹ്‌ലയുടെ മരണത്തിന് കാരണക്കാരായ എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സ്‌കൂളിനു പുറത്ത് വിദ്യാര്‍ഥികളുടെ സമരം നടക്കുകയാണ്. അതുവരെ ക്ലാസില്‍ കയറില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. പ്രതീകാത്മകമായി പാമ്പിനെ കഴുത്തില്‍ ചുറ്റിയാണ് സമരം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘കടിച്ച പാമ്പിനേക്കാള്‍ വിഷമാണ് സ്‌കൂളിലെ അധ്യാപകര്‍ക്ക്. ഒരു സാറെ സസ്‌പെന്റ് ചെയ്തത് കൊണ്ടുമാത്രം ഒന്നും ആവൂല. കുട്ടിയെ എല്ലാവരും കൂടി കൊന്നതാണ്. നടപടിയുണ്ടാവാതെ ഞങ്ങള്‍ ക്ലാസില്‍ കയറില്ല. അനുകൂലമായ നടപടി വേണം. കുട്ടിക്ക് നീതി കിട്ടണം. ഇത്തരത്തിലുള്ള അധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്.’, വിദ്യാര്‍ഥി പറഞ്ഞു.

‘ജഡ്ജിയൊക്കെ പരിശോധന നടത്തിയെന്ന് കരുതി ആ കുട്ടിന്റെ ജീവന്‍ നമ്മക്ക് തിരിച്ചു കിട്ടില്ലല്ലോ. കാരണം ആ കുട്ടിനെ ഹോസ്പ്പിറ്റലില്‍ കൊണ്ട് പോയെങ്കില്‍ ആ കുട്ടി ഇപ്പൊ ജീവിച്ചിരിക്കുമായിരുന്നല്ലോ. ഞങ്ങള്‍ ഗ്രൗണ്ടിലായതു കൊണ്ട് ആ കുട്ടിയെ നോക്കാന്‍ പറ്റിയിട്ടില്ല. ഞങ്ങള്‍ക്ക് ഈ വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് വേണം. ഞങ്ങളുടെ സ്‌കൂളില്‍ ഒരു ഫസ്റ്റ്എയ്ഡ് ബോക്‌സെങ്കിലും വേണം. നല്ല വെള്ളം പോലും അവിടെ കിട്ടാനില്ല. ഗ്രൗണ്ട് നിറയെ പാമ്പാണ്. അധ്യാപകരോട് പറഞ്ഞിട്ട് അവര്‍ ഒരു ആക്ഷനും എടുക്കുന്നില്ല.’ മറ്റൊരി വിദ്യാര്‍ഥി പറഞ്ഞു.

സ്‌കൂളില്‍ ജില്ലാ ജഡ്ജി എ.ഹാരിസ് പരിശോധന നടത്തിയിരുന്നു. സ്‌കൂളിലേത് ശോച്യാവസ്ഥയാണെന്നും സ്‌കൂളിനു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞിരുന്നു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്‌സനും കൂടെയുണ്ടായിരുന്നു.

ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഹാരിസ് താക്കീത് നല്‍കി. ഇന്ന് 2.30ന് വിദഗ്ദ സമിതിയുടെ യോഗം ചേരുന്നുണ്ട്. പ്രധാനാധ്യാപകനും പി.ടി.എ പ്രസിഡന്റും യോഗത്തില്‍ പങ്കെടുക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷെഹ്ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more